മോഹന്‍ലാലുമൊത്തുള്ള ഒരു പഴയകാല അനുഭവം പങ്കുവെക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. ഒരാളെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന മോഹന്‍ ലാലിനോട് ചിലര്‍ കയര്‍ത്തതും പിന്നീട് അവിടെ ഉണ്ടായ കൂട്ട അടിയെ കുറിച്ചുമൊക്കെയാണ് അമൃത ടി.വിക്ക് നല്‍കിയ പരിപാടിയില്‍ മണിയന്‍പിള്ള രാജു സംസാരിക്കുന്നത്. ഒന്നാണ് നമ്മള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു മണിയന്‍പിള്ള രാജു സംസാരിച്ചത്.
‘ലാലുമായി സ്‌കൂള്‍ തൊട്ടുള്ള സൗഹൃദം എനിക്കുണ്ട്. എന്നേക്കാള്‍ നാലഞ്ച് കൊല്ലം ജൂനിയറാണ് ലാല്‍. മോഹന്‍ലാലിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരുപാട് കഥകളുണ്ട്.
ഒന്നാണ് നമ്മള്‍ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഞങ്ങള്‍ വര്‍ക്കലയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് വരികയാണ്. അന്ന് ഷൂട്ട് നേരത്തെ തീര്‍ന്നതാണ്. ഇനി ഷൂട്ട് ഉച്ചക്കേ ഉള്ളൂ എന്ന് പറഞ്ഞു. ഒരു പത്ത് മണിയോടെ ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നത് പ്രൊഡക്ഷനില്‍ ഉള്ള ഒരാളെ അവിടെ അടുത്തുള്ള തുറയില്‍ നിന്ന് വന്ന ചിലര്‍ അടിക്കുന്നതാണ്.
അവിടെ അടുത്തുള്ള ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ ഇയാള്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമെന്നാണ് അറിഞ്ഞത്. സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയായിരുന്നു എന്നൊക്കെയാണ് അറിഞ്ഞത്.
തുറയില്‍ ഉള്ള ആറേഴ് തടിമാടന്‍മാര്‍ വന്നിട്ട് അയാളെ അടിക്കുകയാണ്. മണ്‍വെട്ടിയൊക്കെ എടുത്തിട്ടാണ് അടിക്കുന്നത്. എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ പൊലീസിനെ വിളിക്കാന്‍ നോക്കുന്നുണ്ട്. ഈ സമയം ലാല്‍ അവരുടെ അടുത്ത് ചെന്നിട്ട് അയാളെ ഇങ്ങനെ അടിക്കരുതെന്നും പൊലീസ് വരട്ടെയെന്നുമൊക്കെ പറയുന്നു.
ലാല്‍ ഇത് പറഞ്ഞപ്പോള്‍ അതില്‍ ഒരാള്‍ ലാലിനോട് നീയാരാടാ ചോദിക്കാന്‍ എന്ന് ചോദിച്ചു. ഇതോടെ അവിടുത്തെ കളര്‍ മാറി. ഈ ആറ് പേരേയും മോഹന്‍ലാല്‍ ഗുസ്തി മുറയില്‍ എടുത്ത് മറിച്ചിട്ടു. അവര്‍ക്കറിയാമോ ഇത് പഴയ യൂണിവേഴ്‌സിറ്റി റസ്ലിങ് ചാമ്പ്യന്‍ ആയിരുന്നെന്ന്.
അതുകൊണ്ട് എന്തായി പൊലീസ് വന്നപ്പോഴേക്കും ആ കുറ്റം ചെയ്തയാളെ ജീവനോടെ കിട്ടി. അല്ലെങ്കില്‍ ആ തുറയില്‍ ഉള്ളവര്‍ കൊല്ലുമായിരുന്നു. അതിന് ശേഷം എനിക്ക് ലാലിനോട് കുറച്ച് ബഹുമാനം കൂടുതലാണ്. ആരോഗ്യപരമായി ഇങ്ങനെ ആണല്ലോ (ചിരി),’ മണിയന്‍ പിള്ള രാജു പറഞ്ഞു.
രാജുവിനെ പറ്റി ഒരുപാട് കഥകളുണ്ടെന്നും എന്നാല്‍ അതൊന്നും പറയുന്നില്ലെന്നുമായിരുന്നു ഇതോടെ മോഹന്‍ലാലിന്റെ മറുപടി. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഒരു സിനിമയായിട്ട് തങ്ങള്‍ കണക്കാക്കാറില്ലെന്നും അതൊരു പിക്‌നിക് പോലെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഏയ് ഓട്ടൊയൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ ഓട്ടോ ഓടിച്ചാണ് ലൊക്കേഷനിലേക്ക് പോയിരുന്നതെന്നും അതെല്ലാം വളരെ നല്ല ഓര്‍മകളായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഏയ് ഓട്ടോ എന്ന സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പടം സൂപ്പര്‍ഹിറ്റാകുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നാണ് ഇതോടെ രാജു പറഞ്ഞു.
പടം റിലീസ് ചെയ്യുന്നതിന്റെ തൊട്ടുമുന്‍പ് ഇപ്പോള്‍ നമുക്ക് റിലീസ് ചെയ്യേണ്ടെന്നും നിരവധി വമ്പന്‍ റിലീസുകള്‍ വരുന്നുണ്ടെന്നും ഡിസ്ട്രിബ്യൂട്ടര്‍ എന്നോട് പറഞ്ഞു.
അക്കരെ അക്കരെ എന്ന പ്രിയദര്‍ശന്‍ പടമുണ്ട്, ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍ വരുന്നുണ്ട്, കടത്തനാടന്‍ അമ്പാടിയുണ്ട്. അങ്ങനെ ഒരു ഏഴ് പടങ്ങള്‍ വരുന്നുണ്ടെന്നായിരുന്നു പുള്ളി പറഞ്ഞത്.
ചേട്ടാ ആ ഏഴ് പടത്തില്‍ ആറെണ്ണത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ടെന്നും ഈ പടം ഇതിന്റെയൊക്കെ കൂട്ടത്തില്‍ തന്നെ ഇറക്കണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ എന്റെ ഒരു റിസ്‌കിന്റെ പുറത്താണ് ആ സമയത്ത് സിനിമ ഇറക്കുന്നത്. പക്ഷേ ആ പടങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സൂപ്പര്ഹിറ്റ് ചിത്രമായി ഏയ് ഓട്ടോ മാറി.
ചില സമയത്തെ നമ്മുടെ തീരുമാനമാണ് നമ്മളെ നന്മയിലേക്ക് കൊണ്ടുപോകുന്നത്. അന്ന് റിലീസ് മാറ്റിവെക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ സിനിമയുടെ വിധി ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju about Mohanlal Fight with a Group of People