| Friday, 6th May 2022, 9:29 am

ഞങ്ങളുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല, അമ്മ എന്നാണ്; അവിടം തൊട്ട് തന്നെ ഞങ്ങള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ മണിയന്‍പിള്ള രാജു.

പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അമ്മ സംഘടനയെക്കുറിച്ചും അതിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും താരം സംസാരിച്ചത്.

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയടക്കം പുറത്ത് വന്നിട്ടുള്ള സാഹചര്യത്തില്‍ എന്താണ് പ്രതികരണമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഇതിനൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പറഞ്ഞിട്ടുണ്ട്. അത് പബ്ലിക്കായി പറയേണ്ട കാര്യമില്ല,” മണിയന്‍പിള്ള രാജു പറഞ്ഞു.

സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്‌പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”അത് ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ്.

അവിടം തൊട്ട് തന്നെ നമ്മള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. മാസം 5000 രൂപ വെച്ച് 150 പേര് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്.

പിന്നെ എന്തോന്നാണ്, നമ്മുടെ സിനിമകളില്‍ സ്റ്റണ്ട് നടക്കുന്നതിലാണോ. ഇന്ന് സൊസൈറ്റിയില്‍ ഡോക്ടേഴ്‌സും എഞ്ചിനീയേഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും വരെ എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. അതിന് മനസുള്ള ബോള്‍ഡ് പെണ്ണുങ്ങള്‍ വേണം.

അല്ലാതെ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നിന്നിട്ട് കാര്യമില്ല.

പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്‌സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്‌സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല.

ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണ്.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്,” എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

Content Highlight: ManiyanPilla Raju about AMMA association

We use cookies to give you the best possible experience. Learn more