കാലങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ മണിയൻപിള്ള രാജു.
മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് സുധീർ കുമാർ എന്ന അദ്ദേഹം ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാളത്തിലെ തിരക്കുള്ള ഒരു നിർമാതാവ് കൂടിയാണ്.
തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് പറയുകയാണ് മണിയൻപിള്ള രാജു. പ്രതിഫലം ഇല്ലാതെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അന്നെല്ലാം അത് ചോദിച്ച് വാങ്ങാൻ ഭയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ലൊക്കേഷനിൽ ഭക്ഷണത്തിലെല്ലാം വേർതിരിവ് ഉണ്ടായിരുന്നുവെന്നും താനൊരു നിർമാതാവ് ആയപ്പോൾ അതെല്ലാം മാറ്റിയെന്നും മണിയൻപിള്ള കൂട്ടിച്ചേർത്തു. ഹാപ്പി ഫ്രെയിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നത്തെ പോലെ എളുപ്പമല്ലായിരുന്നു അന്നൊന്നും. ഇന്നൊരു സിനിമയിൽ അഭിനയിച്ചാൽ അത് വലിയ ഹിറ്റായി കഴിഞ്ഞു കഴിഞ്ഞാൽ, അതിൽ അഭിനയിക്കുന്ന ആളുടനെ പ്രതിഫലം കൂട്ടും. രണ്ട് കോടിയായി മൂന്ന് കോടിയായി അങ്ങനെ പോവും.
നമ്മുടെയൊന്നും കാലത്ത് അങ്ങനെയല്ല. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. എത്രയോ പടങ്ങളിൽ അഭിനയിച്ചിട്ട് പൈസ കിട്ടാതിരുന്നിട്ടുണ്ട്. ചോദിച്ച് കഴിഞ്ഞാൽ മോശമല്ലേ, അടുത്ത പടത്തിന് വിളിച്ചില്ലെങ്കിലോ എന്നൊക്കെ കരുതി മിണ്ടാതിരുന്നിട്ടുണ്ട്.
എന്നാൽ സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയപ്പോൾ അന്നുണ്ടായിരുന്ന എല്ലാ കാര്യങ്ങളും ഞാൻ മാറ്റി. ഫുഡിന് വരെ പലപ്പോഴും വേർതിരിവ് ഉണ്ടായിരുന്നു. ഹീറോക്ക് ഒരു ഫുഡ് ബാക്കി ഉള്ളവർക്ക് മറ്റൊന്ന് എന്നൊക്കെ. പക്ഷെ ഇപ്പോൾ അങ്ങനെയൊന്നുമില്ല. എല്ലാവർക്കും ഒരേ ഭക്ഷണമാണ്. അതൊക്കെ ഞാൻ കൊണ്ടുവന്ന റെവല്യൂഷനാണ്,’ മണിയൻ പിള്ള രാജു പറയുന്നു.
Content Highlight: Maniyan Pillai Raju Talk About Struggling Period Of His Career