| Friday, 6th May 2022, 6:16 pm

ഞങ്ങളുടെ കഥ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗമാണ്, എണീക്ക് എനിക്ക് വേറെ ജോലിയുണ്ടെന്ന് പറഞ്ഞു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗമിറക്കി വീണ്ടും ഹിറ്റാക്കുന്ന കാഴ്ചകള്‍ മലയാള സിനിമയില്‍ സാധാരണമാണ്. ഒരു കാലത്ത് ട്രെന്‍ഡ് സെറ്റര്‍ ആയിരുന്ന ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗമെത്തുമെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

തലയും, മുള്ളന്‍ ചന്ദ്രപ്പനും, സൈനുവും, പറക്കും ലതയും, പടക്കം ബഷീറുമെല്ലാം വീണ്ടുമെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രീ ഭദ്ര പിക്ചേഴ്സിന്റെ ബാനറില്‍ നടന്‍ മണിയന്‍പിള്ള രാജുവായിരുന്നു ചിത്രം നിര്‍മിച്ചത്.

എന്നാല്‍ ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.

ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. ജാങ്കോ സ്‌പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

‘ഛോട്ടാ മുംബൈ രണ്ടാം ഭാഗം ഒരിക്കലും ഉണ്ടാവില്ല. സിനിമക്ക് പഠിക്കുന്ന ചില യുവാക്കള്‍ കഥ പറയാന്‍ വന്നിരുന്നു. പുതിയ പിള്ളാരല്ലേ, നല്ല കഥ കാണുമെന്ന് കരുതി ഞാന്‍ കേള്‍ക്കാനിരുന്നു. ഞങ്ങളുടെ കഥ ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗമാണെന്ന് പറഞ്ഞു. എണീക്ക് എനിക്ക് കഥ കേള്‍ക്കാന്‍ താല്‍പര്യമില്ല, വേറെ ജോലിയുണ്ടെന്നാണ് അവരോട് പറഞ്ഞത്. നിങ്ങള്‍ പുതിയ പിള്ളേരല്ലേ, ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗമാണോ ചെയ്യുന്നത് എന്ന് ചോദിച്ചു. ഛോട്ടാ മുംബൈ ഒന്നാം ഭാഗമിറങ്ങി, അതവിടെ തീര്‍ന്നു,’ മണിയന്‍ പിള്ള രാജു.

വരയന്‍ ആണ് ഇനി മണിയന്‍പിള്ള രാജുവിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. സിജു വില്‍സന്‍ നായകനാകുന്ന ചിത്രത്തില്‍ ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20 ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: Maniyan Pillai Raju responded that he was not interested in the second part of Chhota Mumbai

Latest Stories

We use cookies to give you the best possible experience. Learn more