ഹൊറര്‍ ഫാന്റസിയുമായി മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സ്; ഗു പാക്കപ്പ്
Entertainment news
ഹൊറര്‍ ഫാന്റസിയുമായി മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സ്; ഗു പാക്കപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 15, 04:45 pm
Friday, 15th September 2023, 10:15 pm

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മിക്കുന്ന ‘ഗു’ എന്ന ഫാന്റസി ഹൊറര്‍ ചിത്രം പാക്കപ്പായി.

ഓഗസ്റ്റ് 19ന് പട്ടാമ്പിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാളികപ്പുറത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.

മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ചിത്രത്തില്‍ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’.

നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവന്‍, എഡിറ്റിംഗ്: വിനയന്‍ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍: ദിവ്യാ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം: എസ്.മുരുകന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: എന്‍ ഹരികുമാര്‍, വിഎഫ്എക്‌സ്: ദ്രാവിഡ ക്രിയേഷന്‍സ്, സ്റ്റില്‍സ്: രാഹുല്‍ രാജ് ആര്‍, ഡിസൈന്‍സ്: ആര്‍ട്ട് മോങ്ക്, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ ഹെയിന്‍സ്.

Content Highlight: Maniyan pillai productions new movie gu packuped