| Tuesday, 16th July 2024, 12:17 pm

വെറും രണ്ടര ലക്ഷം രൂപയ്ക്കാണ് ആ സൂപ്പർ ഹിറ്റ്‌ മോഹൻലാൽ ചിത്രം നിർമിച്ചത്: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി ഇന്ത്യന്‍ സിനിമയിൽ നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. കോമഡി സിനിമകളിലൂടെ മലയാളത്തില്‍ തന്റെ കരിയര്‍ ആരംഭിച്ച പ്രിയദര്‍ശന്‍ പിന്നീട് വ്യത്യസ്തമായ ഒരുപാട് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ കോമഡി ചിത്രങ്ങള്‍ക്ക് ഇന്നും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയിലുള്ളത്. അത്തരത്തില്‍ ഒരു ചിത്രമായിരുന്നു മോഹന്‍ലാൽ നായകനായി എത്തിയ ‘ഹലോ മൈ ഡിയർ റോങ് നമ്പർ’. ശ്രീനിവാസൻ കഥ ഒരുക്കിയ ചിത്രത്തിൽ ജഗതി ശ്രീകുമാർ, ലിസി, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര ഒന്നിച്ചിരുന്നു.

‘ഹാങ്കി പാങ്കി’ എന്നൊരു ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് ഹലോ മൈ ഡിയർ റോങ് നമ്പർ ഒരുക്കിയതെന്നും ചിത്രം നിർമിക്കുന്നതിനായി മോഹൻലാലടക്കമുള്ള താരങ്ങൾ പ്രതിഫലം വേണ്ടെന്ന് വെച്ചെന്നും മണിയൻപിള്ള രാജു പറയുന്നു. സിനിമയുടെ മൊത്തം ചെലവ് രണ്ടര ലക്ഷമായിരുന്നുവെന്നും അദ്ദേഹം ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘ഞാനും പ്രിയനും ഒരു സിനിമയെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഹാങ്കി പാങ്കി എന്നൊരു ഇംഗ്ലീഷ് പടം ശ്രദ്ധിക്കുന്നത്. അതിൽ ഒരു മൂന്ന് സീൻ കഴിഞ്ഞ് അതിലെ നായകൻ ഓടിക്കൊണ്ടിരിക്കുകയാണ്. അയാളെ പിടിക്കാൻ ബാക്കിയുള്ളവർ നടക്കുകയാണ്.

അതൊരു ഇന്ട്രെസ്റ്റിങ് സബ്ജെക്ട് ആയത് കൊണ്ട് ആ സിനിമ എടുക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മോഹൻലാൽ, ഞാൻ, പ്രിയൻ, ശ്രീനിവാസൻ, ശങ്കർ ഞങ്ങളാരും റെമ്യുണറേഷൻ വേണ്ടായെന്ന് തീരുമാനിച്ചു. അങ്ങനെ സിനിമ എടുക്കാമെന്ന് തീരുമാനിച്ചു.

എന്നെയായിരുന്നു മുഴുവൻ ചാർജ് ഏല്പിച്ചത്. ആ ചിത്രത്തിലൂടെയാണ് പ്രൊഡക്ഷന്റെ മറ്റ് സൈഡുകൾ ഞാൻ പഠിക്കുന്നത്. അന്ന് ആ പടത്തിന് മൊത്തം ചെലവായത് രണ്ടര ലക്ഷം രൂപയാണ്. ഇന്നത്തെ കാലത്ത് ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് ആറ് ലക്ഷം രൂപയാണ്,’മണിയൻ പിള്ള രാജു പറയുന്നു.

Content Highlight: Maniyan Pilla Raju Talk About Hallo My Dear Wrong Number Movie

We use cookies to give you the best possible experience. Learn more