|

പ്രിയന്റെയും ജോഷിസാറിന്റെയുമെല്ലാം ചിത്രങ്ങൾക്കൊപ്പം ഇറക്കിയ ആ മോഹൻലാൽ പടം അന്നത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി: മണിയൻ പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ വിജയ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ ഏയ് ഓട്ടോ. വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, രേഖ, കുതിരവട്ടം പപ്പു, മുരളി തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

സുധിയെന്ന ഓട്ടോ ഡ്രൈവറായി മോഹൻലാൽ എത്തിയ ചിത്രം അന്ന് ബോക്സ്‌ ഓഫീസിൽ മികച്ച കളക്ഷൻ നേടിയ പടമായിരുന്നു. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് കൂടെയായ മണിയൻ പിള്ള രാജു.

ഒരുപാട് സിനിമകളുടെ കൂടെയാണ് ഏയ് ഓട്ടോ റിലീസ് ചെയ്തതെന്നും അന്നത്തെ ഡിസ്ട്രിബ്യൂട്ടർ സിനിമയുടെ റിലീസ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മണിയൻ പിള്ള രാജു പറയുന്നു.

എന്നാൽ തന്റെ റിസ്കിൽ ഏഴ് ചിത്രങ്ങൾക്കൊപ്പമാണ് ഏയ് ഓട്ടോ റിലീസ് ചെയ്തതെന്നും ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയിലെ ലാൽസലാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏയ് ഓട്ടോയെന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ഡിസ്ട്രിബ്യൂട്ടറായ പി. കെ. ആർ. പിള്ള എന്നോട് പറഞ്ഞു, നമ്മൾ ഈ പടം ഇപ്പോൾ റിലീസ് ചെയ്യേണ്ടായെന്ന്.

കാരണം അന്ന് അക്കരെ അക്കരെയെന്ന പ്രിയദർശൻ പടമുണ്ട്, ജോഷി സാറിന്റെ നമ്പർ 20 മദ്രാസ് മെയിലുണ്ട്, കടത്താനാടൻ അമ്പാടിയുണ്ട്. അങ്ങനെ ഒരു ഏഴെട്ട് പടങ്ങളുണ്ട്. ഞാൻ പറഞ്ഞു, ആ ഏഴ് പടത്തിൽ ആറെണ്ണത്തിലും ഞാനും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഈ പടങ്ങളുടെയൊക്കെ കൂട്ടത്തിൽ തന്നെ ഏയ് ഓട്ടോ ഇറക്കണമെന്ന് ഞാൻ പറഞ്ഞു.

വേറെയൊരു സമയം പേടിച്ചു റിലീസ് മാറ്റാരുതെന്ന് ഞാൻ പറഞ്ഞു. എന്റെ ഒരൊറ്റ റിസ്കിന്റെ പുറത്താണ് ഇത്രയും വലിയ പടങ്ങളോടൊപ്പം ഏയ് ഓട്ടോ ഇറങ്ങുന്നത്.

എന്നാൽ ആ പടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി വലിയ വിജയമായി മാറിയ ചിത്രമാണ് ഏയ് ഓട്ടോ,’മണിയൻ പിള്ള രാജു പറയുന്നു.

Content Highlight: Maniyan Pilla Raju Talk About Eay Auto Movie