പൃഥ്വിരാജ് നന്ദനം സിനിമയിലേക്ക് ആദ്യമായി അഭിനയിക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻ പിള്ള രാജു. രഞ്ജിത്ത് തന്നെ വിളിച്ചിട്ട് കാണാൻ കൊള്ളാവുന്ന പയ്യനുണ്ടോയെന്ന് ചോദിച്ചെന്ന് രാജു പറഞ്ഞു. താൻ ഇന്ന് ബാർബർ ഷോപ്പിൽ പോയപ്പോൾ മല്ലികയുടെയും സുകുമാരന്റെയും മകനെ കണ്ടെന്നും സുന്ദരനാണെന്നും രഞ്ജിത്തിനോട് മറുപടി പറഞ്ഞെന്ന് മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു.
താൻ ഈ കാര്യം മല്ലികയോട് പറഞ്ഞെന്നും പിറ്റേ ദിവസം പൃഥ്വിരാജിനെ രഞ്ജിത്തിന്റെ അടുത്തേക്ക് പറഞ്ഞയച്ചെന്നും അങ്ങനെയാണ് നന്ദനത്തിൽ എത്തിയതെന്നും മണിയൻ പിള്ള പറയുന്നുണ്ട്. മല്ലിക സുകുമാരൻ സിനിമയിൽ 50 വർഷം പിന്നിട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡയറക്ടർ രഞ്ജിത്ത് കോഴിക്കോട് നിന്ന് വിളിക്കുന്നു. ‘രാജു, ഞാൻ നാളെ ഒരു പുതിയ പടം തുടങ്ങുന്നുണ്ട്. അതിനൊരു കാണാൻ കൊള്ളാവുന്ന നല്ലൊരു പയ്യനെ വേണം’ എന്ന് പറഞ്ഞു. ഞാൻ ഇന്ന് ഉച്ചയ്ക്ക് ഒരു ആവശ്യവുമില്ലാതെ വുമൺസ് കോളേജിന്റെ വഴിയിലൂടെ നടന്നപ്പോൾ അവിടെ ഒരു ഹെയർ കട്ടിങ് സലൂൺ ഉണ്ട്.
അവിടെ മുടിവെട്ടാൻ പോയപ്പോൾ സുകുമാരന്റെയും മല്ലികയുടെയും മകനെ കണ്ടു. എന്തൊരു സുന്ദരനാണ് ഇരിക്കുന്നു. ചെറുപ്പത്തിൽ ഞാനെടുത്തു കൊണ്ട് നടന്നതാണ്, അതിസുന്ദരനാണ്. ഓസ്ട്രേലിയയിൽ നിന്ന് എന്ത് പരീക്ഷ കഴിഞ്ഞിട്ട് വന്നതാണെന്ന് തോന്നുന്നു എന്ന് രഞ്ജിത്തിനോട് പറഞ്ഞു.
ഒന്ന് പറയുമോ എന്ന് രഞ്ജിത്ത് എന്നോട് ചോദിച്ചപ്പോൾ ഞാൻ മല്ലിക്കയുടെ അടുത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞു. അതൊക്കെയാണ് അമ്മ. പിറ്റേദിവസം രാജുവിനെ തള്ളിപ്പറഞ്ഞയച്ചു. എല്ലാം കഴിഞ്ഞ് രഞ്ജിത്ത് എന്നെ വിളിക്കുന്നു. ‘ഇതിന് അപ്പുറത്തേക്ക് ഒരു സെലക്ഷൻ ഇല്ല അതാണ് നന്ദനത്തിലെ ഹീറോ’ എന്ന് പറഞ്ഞു. ആ സ്നേഹം മല്ലികയ്ക്കുള്ള പോലെ പൃഥ്വിരാജിനും ഉണ്ട്. ഏതോ ഒരു ചാനലിൽ പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് ‘മലയാള സിനിമയിൽ എന്നെ ഉപദേശിക്കാൻ രാജു ചേട്ടന് അല്ലാതെ വേറെ ഒരാൾക്ക് അവകാശമില്ല’ എന്ന്. ഇവർക്കെല്ലാം വലിയ കാര്യമാണ്,’ മണിയൻ പിള്ള രാജു പറഞ്ഞു.
Content Highlight: Maniyan pilla raju about prithviraj sukumaran’s entry in cinema