| Wednesday, 2nd November 2022, 5:12 pm

കല്യാണം കഴിഞ്ഞാലും പഠിക്കാലോ; പ്രേക്ഷകന് വരെ ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന ജയ ഹേയിലെ മണിയമ്മാവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിച്ച ചിത്രമാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ ജയ ജയ ജയ ഹേ. സ്ത്രീകളെ അംഗീകരിക്കാനും അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അനുവദിക്കാത്ത ഒരുപറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

ജനിച്ചുവീഴുന്ന അന്ന് മുതല്‍ മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ച് സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുഴിച്ചുമൂടേണ്ടി വരുന്ന സ്ത്രീകളുടെ പച്ചയായ കഥയാണ് സിനിമയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ ലെയറുകളുണ്ട്. അത്തരത്തില്‍ സിനിമയില്‍ ഏറ്റവും മികച്ചുനിന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് സുധീര്‍ പറവൂര്‍ അവതരിപ്പിച്ച മണിയമ്മാവന്‍. ജയയുടെ അമ്മയുടെ സഹോദരനായാണ് ചിത്രത്തില്‍ സുധീര്‍ എത്തുന്നത്.

Spoiler Alert

പ്രേക്ഷകന് വരെ ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന പ്രകടനം എന്ന് വേണമെങ്കില്‍ മണിയമ്മാവനെ പറയാം. പെണ്‍കുട്ടികളുടെ ജീവിത ലക്ഷ്യം തന്നെ വിവാഹമാണെന്ന് സ്വയം വിശ്വസിക്കുന്ന, അങ്ങനെ ചിന്തിക്കാത്തവരെ കൂടി അത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് മണിയമ്മാവന്റേത്.

നെഹ്‌റു ഇന്ദിരയെ വളര്‍ത്തിയതുപോലെ ഞാനെന്റെ മകളെ വളര്‍ത്തുമെന്ന് ജയയുടെ അച്ഛന്‍ പറയുമ്പോള്‍ ‘ പക്ഷേ മുടി വേണം കേട്ടോ ഇല്ലെങ്കില്‍ കല്യാണം നടക്കത്തില്ലെ’ന്നാണ് മണിയമ്മാവന്റെ ഡയലോഗ്. സഹോദരങ്ങള്‍ക്കൊപ്പം മരത്തിന് മുകളില്‍ കയറിയിരുന്ന് കളിക്കുന്ന ജയയെ അവിടെ നിന്നും താഴേക്ക് ഇറക്കുകയാണ് അമ്മാവന്‍. നാട്ടുകാരെ കൊണ്ട് മരംകേറി പെണ്ണ് എന്ന് പറയിപ്പിക്കും എന്നാണ് പുള്ളിയുടെ വാദം.

പ്ലസ് ടുവിന് മികച്ച മാര്‍ക്ക് വാങ്ങി തൊട്ടടുത്ത ജില്ലയിലെ മികച്ച കോളേജില്‍ അഡ്മിഷന് ലഭിച്ച  ജയയെ പഠിക്കാന്‍ വിടാമെന്ന് ആലോചിച്ച് അച്ഛനും അമ്മയും പാതിമനസില്‍ നില്‍ക്കുമ്പോള്‍ അവിടെയെത്തി നല്ല വെടിപ്പായി ആ പ്ലാന്‍ പൊളിച്ചുകൊടുക്കുന്നുണ്ട് മണിയമ്മാവന്‍.

പെണ്‍കുട്ടികള്‍ പഠിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും അടുത്തുള്ള കോളേജാണെങ്കില്‍ നാല് മണിയാകുമ്പോഴേക്ക് തിരിച്ച് വീട്ടില്‍ എത്തുമെന്നാണ് പുള്ളിക്കാരന്റെ വാദം.

തന്റെ ‘കാര്യമായ’ ഇടപെടലിലൂടെ അടുത്തുള്ള എം.എസ്.എം കോളേജില്‍ ഒരു സീറ്റ് നേടിയെടുക്കാമെന്ന് പുള്ളി പറയുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും തെറ്റിദ്ധരിച്ചുപോകുന്ന പ്രേക്ഷകന് തൊട്ടടുത്ത സീനില്‍ ഓലമേഞ്ഞ പാരലല്‍ കോളേജിന്റെ ബോര്‍ഡ് കാണിക്കുമ്പോള്‍ തന്നെ മണിയമ്മാവനിലെ ‘ ശുദ്ധനായ ദുഷ്ടനെ’ പൂര്‍ണമായും തിരിച്ചറിയാനാവും.

ഒരു പ്രണയത്തിന്റെ പേരില്‍ ജയയെ വീട്ടുകാര്‍ കുറ്റപ്പെടുത്തുമ്പോള്‍ എരിതീയിലേക്കുള്ള എണ്ണയായി ജയയുടെ വിവാഹക്കാര്യം എടുത്തിടുന്നതും മണിയമ്മാവനാണ്. തന്റെ ഇഷ്ടത്തിന് എതിരായി വിവാഹം നടത്തുകയും വിവാഹശേഷവും പഠിക്കാമല്ലോയെന്ന ‘ ക്ലാസിക് അമ്മാവന്‍ ഡയലോഗും’ പുള്ളി പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ് പോകുന്ന ജയയെ പൊട്ടിക്കരഞ്ഞ് യാത്രയാക്കുന്ന മണിയമ്മാവന്‍ പറയുന്നത് ജയ ജനിച്ച അന്നുമുതല്‍ ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത് എന്നാണ്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ പലരും കണ്ട് പരിചയിച്ച ചില അമ്മാവന്‍മാരെ മണിയമ്മാവന്‍ എന്ന കഥാപാത്രത്തിലൂടെ വളരെ കൃത്യമായി വരച്ചിടുകയാണ് സംവിധായകന്‍.

എത്തുന്ന ഓരോ സീനിലും മണിയമ്മാവനെ ഗംഭീരമാക്കാന്‍ സുധീര്‍ പറവൂരിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷന് അങ്ങേയറ്റം അമര്‍ഷം തോന്നുന്ന ഒരു കഥാപാത്രമാണ് ഇദ്ദേഹത്തിന്റേത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്ന സുധീര്‍ പറവൂരിന്റെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ജയ ഹേയിലെ മണിയമ്മാവന്‍. കോമഡി സ്‌കിറ്റുകളിലൂടെ മലയാളികളെ ഏറെ ചിരിപ്പിക്കുന്ന സുധീറിന്റെ നെഗറ്റീവ് ഷേഡിലുള്ള മണിയമ്മാവനെ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.

Content Highlight: Maniyammavan Character on jaya jaya jaya jayahe Movie and Sudheer Pavavoor performance

We use cookies to give you the best possible experience. Learn more