മണിവാസകത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടയണം; ഹൈക്കോടതിയില്‍ ഭാര്യയുടെ ഹരജി
Kerala News
മണിവാസകത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടയണം; ഹൈക്കോടതിയില്‍ ഭാര്യയുടെ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 10:09 pm

ചെന്നൈ: അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടയണമെന്ന് കോടതിയില്‍ ഭാര്യ കലയുടെ ഹരജി. മദ്രാസ് ഹൈക്കോടതിയിലാണ് കല ഹരജി നല്‍കിയത്.

തന്നെ മൃതദേഹം കാണുന്നതിന് അനുവദിക്കണമെന്നും ഹരജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.

രണ്ടുപേരുടെയും പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി ഇന്ന് വെളിപ്പെടുത്തിയിരുന്നു. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നും ശിവാനി പറഞ്ഞിരുന്നു.

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകനും പറഞ്ഞിരുന്നു.

ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എ.എസ്.പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം അട്ടപ്പാടിയില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗണ്‍സിലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. മാവോയിസ്റ്റുകളുടെ ആശയത്തില്‍ യോജിപ്പില്ല. എന്നാല്‍ ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ഉണ്ടായതിനെ കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടൈന്നും കാനം പറഞ്ഞു.

DoolNews Video