കോഴിക്കോട്: രാജ്യത്തെ ഏകീകരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതം തന്നെ ത്യജിച്ചു എന്ന് മണിശങ്കര്‍ അയ്യര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘തൂലിക’ വേദിയില്‍ നടന്ന രാജീവ് ഗാന്ധിയെ കുറിച്ചുള്ള ‘The Rajiv I Knew and Why he was India’s Most Misunderstood Prime Minister’ എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് അഞ്ചന ശങ്കറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഒരാളെ തന്റെ മതമനുസരിച്ചും സംസ്‌കാരത്തിനനുസരിച്ചും ജീവിക്കാന്‍ വിട്ടാല്‍ അയാള്‍ ഇന്ത്യക്കാരനായി ജീവിക്കും, എന്നാല്‍ വേറൊരു സംസ്‌കാരവും വിശ്വാസവും അയാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലം വിവരിച്ച അയ്യര്‍, ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകളും സമൂഹത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിലാഷങ്ങളും വെളിപ്പെടുത്തി.