കഥ/സുബൈദ
ചിത്രീകരണം : ദിലീപ് കീഴൂര്‍
നിങ്ങള്‍ കോണ്‍ഗ്രസ്സാണോ ?
“അല്ല”
കമ്മ്യൂണിസ്റ്റാണോ ?
“അല്ല”
നക്‌സലാണോ ?
“അല്ലേ അല്ല”
ബുദ്ധനാണോ ?
“അതുമല്ല”
ഹിന്ദുവോ, മുസ്ലീമോ?
“അതൊന്നുമല്ല”
പിന്നെ ആരാണ് നിങ്ങള്‍ !
“ഞാനൊരു കവി”
പറഞ്ഞ് കഴിഞ്ഞതും അവര്‍ അരികിലെത്തി. വാളൂരി………….
“നിങ്ങളെപ്പോലുള്ള കവികളെ ഞങ്ങള്‍ക്ക് വേണ്ട. പ്രതികരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇതാണ് ഗതി. ഇത് ഞങ്ങളുടെ നാട്. ഇപ്പോ മനസ്സിലായോ കഴുതേ………”
അങ്ങനെയാണ് ഞാനിവിടെ എത്തിയത്. ഇവിടെ ജാതിയില്ല. മതമില്ല. രാഷ്ട്രീയമില്ല. എല്ലാവരും ഒരു പോലെ ഐക്യമതം മഹാബലം.
ഇവിടെ എങ്ങനെയുണ്ട് ?“എഴുത്തും വായനയും”
“സുഖം, പരമ സുഖം. ദൈവം കാറ്റായി വന്ന് തൊട്ടിലാട്ടുന്നു”
ഉറക്കം ഞെട്ടി ഉണര്‍ന്നപ്പോഴാണ് കണ്ടത് ഞാന്‍ മാത്രമല്ല ഇവിടെ ഉള്ളതെന്ന്. ചട്ടമ്പിസ്വാമികളുണ്ട്, സുകുമാര്‍ അഴിക്കോടുണ്ട്, ആനന്ദതീര്‍ത്ഥനുണ്ട്, സഖാവ് നായനാരുണ്ട്, അഴിക്കോട് രാഘവനുണ്ട് മറ്റ് ഗാന്ധിയന്മാരുണ്ട്. നക്‌സല്‍ നേതാക്കളും എഴുത്തുകാരും പ്രാസംഗികരും ഉണ്ട്. അവരുടെയെല്ലാം ഓര്‍മ്മയ്ക്കായി ഭൂമി മലയാളത്തിലുള്ളവര്‍ ഉയര്‍ത്തിയ സ്മാരക സ്തൂപങ്ങളുണ്ട്. അതിന്റെ തണലില്‍ പട്ടികളും കഴുതകളും ഉറങ്ങുന്നുണ്ട്. അവര്‍ക്കുണ്ടോ ജാതിയും മതവും. കോണ്‍ഗ്രസും കമ്മ്യൂണിസവും എന്നെക്കണ്ട ഒരു നായ തലയുയര്‍ത്തി നോക്കി. അത് തിരക്കി.
“നീ ഏത് ജാതി” !”
ഉത്തരം പറയും മുന്‍പ് അത് എന്റെ മേക്കിട്ട് കയറി
ഇനി എനിക്ക് തോന്നി.
ഇനി ഇവിടെ പുതിയ സ്തൂപം ഉയരും. അതില്‍ കവിയായ എന്റെ പേര് കൊത്തിവെയ്ക്കും ഞാനും ചിരഞ്ജീവിയാകും. ഓര്‍ത്തപ്പോള്‍ വിളിച്ച് കൂവാന്‍ തോന്നി.
“ഇന്‍കിലാബ് സിന്ദാബാദ്”
അപ്പോഴാണ് ഘോഷയാത്ര വരുന്നത് കണ്ടത്. പുതിയ രക്തസാക്ഷിയേയും കൊണ്ടുള്ള വരവാണത്.
ഭയത്തോടെ തലതാഴ്ത്തി കിടന്നു.
ഓം…..ശാന്തി….. ഓം……….ശാന്തി……….
എന്നിട്ടും നാവു തരിച്ചു. വിളിച്ചു പറയാന്‍ തോന്നി.
അരുത് കാട്ടാള.
Email : subaidapoet@gmail.com