ആ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ മരിക്കില്ലായിരുന്നു; അവസാനനിമിഷം മാറ്റി: മനീഷ കൊയ്‌രാള
Entertainment
ആ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ മരിക്കില്ലായിരുന്നു; അവസാനനിമിഷം മാറ്റി: മനീഷ കൊയ്‌രാള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2024, 8:10 am

മണിരത്നത്തിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദില്‍ സേ. ഷാരൂഖ് ഖാനും മനീഷ കൊയ്രാളയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രീതി സിന്റയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ദില്‍ സേ. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ദില്‍ സേയെ കാണുന്നത്.

ദില്‍ സേയെ കുറിച്ച് സംസാരിക്കുകയാണ് മനീഷ കൊയ്‌രാള. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ അതുവരെയും എക്സ്പ്ലോര്‍ ചെയ്യാത്ത കഥാപാത്രമാണ് ദില്‍ സേയിലേതെന്നും ആ കഥാപാത്രം വളരെ ഇന്‍ട്രെസ്റ്റിങ്ങായി തോന്നിയെന്നും താരം പറയുന്നു.

ഇപ്പോള്‍ കാണുന്ന സിനിമയുടെ ക്ലൈമാക്‌സില്‍ നായകനും നായികയും മരിക്കുന്നതായിട്ടാണ് കാണിക്കുന്നതെന്നും എന്നാല്‍ തങ്ങളോട് ആദ്യം പറഞ്ഞ സ്‌ക്രിപ്റ്റില്‍ നായിക മരിക്കുന്നതും നായകന്‍ ജീവിക്കുന്നതുമായിരുന്നു ഉണ്ടായതെന്നും മനീഷ കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ കൊയ്‌രാള.

‘സത്യത്തില്‍ ഞാന്‍ റാം ഗോപാല്‍ വര്‍മയുമായിട്ടായിരുന്നു ആ സമയത്ത് സിനിമ ചെയ്യേണ്ടിയിരുന്നത്. പക്ഷെ ആ സമയത്താണ് ദില്‍ സേ വരുന്നത്. ദില്‍ സേയില്‍ അഭിനയിക്കാന്‍ വേറെ കുറെ ആളുകളെ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നു. അവസാനം എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് എന്റെ അടുത്ത് എത്തി.

ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതുവരെ എക്സ്പ്ലോര്‍ ചെയ്യാത്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു തീവ്രവാദിയായി അഭിനയിക്കണമെന്ന് മണിരത്‌നം പറഞ്ഞപ്പോള്‍, ഞാന്‍ ആ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്റെ ക്യാരക്ടര്‍ ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ ആയിരിക്കണമെന്നും അതേ സമയം ഉള്ളിലെ വേദനകളെല്ലാം പറയാതെ പറയണമെന്നും പറഞ്ഞപ്പോള്‍ ആ കഥാപാത്രം കൂടുതല്‍ ഇന്‍ട്രെസ്റ്റിങ്ങായി എനിക്ക് തോന്നി. ഞാന്‍ ഇപ്പോഴും വളരെ സ്‌നേഹനിധിയായ പെണ്‍കുട്ടിയെയാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറച്ച് നെഗറ്റീവ് ഷേഡുകൂടിയുള്ള കഥാപാത്രമാണ് അതെന്നറിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.

ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സിനിമയില്‍ അവര്‍ രണ്ടുപേരും മരിക്കുന്നതാണല്ലോ കാണിക്കുന്നത്. പക്ഷെ ഞങ്ങളോട് ആദ്യം പറഞ്ഞ സ്‌ക്രിപ്റ്റില്‍ ഷാരുഖ് എന്നെ മരിക്കാന്‍ വിടുകയും അവന്‍ മരിക്കുന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയുടെ അവസാനമായപ്പോഴേക്കും അവര്‍ ആ സീന്‍ മാറ്റി ഇപ്പോഴുള്ളതുപോലെ ആക്കി,’ മനീഷ കൊയ്‌രാള പറയുന്നു.

Content Highlight: Manisha Koirala reveals Shah Rukh Khan wasn’t supposed to die in Dil Se Movie