| Wednesday, 13th January 2021, 4:33 pm

നിങ്ങള്‍ക്ക് പരീക്ഷിച്ച് കളിക്കാനുള്ള ഗിനിപ്പന്നികളാണോ ജനങ്ങള്‍?; കൊവാക്സിനെതിരെ മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 നെതിരെ ഇന്ത്യ തദ്ദേശീയമായ നിര്‍മ്മിച്ച വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. അടിയന്തര ഘട്ടത്തില്‍ മാത്രമെ ഇവ ഉപയോഗിക്കുകയുള്ളുവെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാതെ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഏത് വാക്‌സിന്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം രോഗികള്‍ക്കുണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞിട്ടുമില്ല. ഇത് വാക്‌സിന്റെ ഉപയോഗക്ഷമതയെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മൂന്നാം ഘട്ട പരീക്ഷണം നടത്താതെ എങ്ങനെ വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയും’? ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിച്ച് കളിക്കാനുള്ള ഗിനിപ്പന്നികളാണോ?, മനീഷ് പറഞ്ഞു.

അതേസമയം കൊവീഷീല്‍ഡും കൊവാക്സിനും സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് വാക്സിന് അനുമതി നല്‍കിയതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊവാക്സിന് ഒരു ഡോസിന് 206 രൂപയാണ്. ആദ്യഘട്ടത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി ഡോസും ഭാരത് ബയോടെകില്‍ നിന്ന് 55 ലക്ഷം ഡോസുമായിരിക്കും സര്‍ക്കാര്‍ വാങ്ങുക. പതിനാറര ലക്ഷം ഡോസ് കൊവാക്സിന്‍ ഭാരത് ബയോടെക് സൗജന്യമായി നല്‍കുമെന്നു അറിയിച്ചിട്ടുണ്ട്.

വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 13 ന് കേരളത്തില്‍ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിനുമായി ആദ്യ വിമാനം എത്തിയത്.

പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചയോടെ 13 സംസ്ഥാനങ്ങളിലേക്ക് വാക്സിന്‍ അയച്ചു തുടങ്ങിയിരുന്നു. ദല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ബെംഗളൂരു തുടങ്ങി 13 ഇടങ്ങളിലാണ് ഇന്നലെ വാക്സിന്‍ എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Manish Tiwari Slams Covaxin Use In India

We use cookies to give you the best possible experience. Learn more