| Tuesday, 6th August 2019, 12:52 pm

ഏത് തരത്തിലുള്ള ഭരണഘടനാപരമായ മാതൃകയാണ് നിങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്; സഭയില്‍ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍,കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന് നിരവധി തവണ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി ബി.ജെ.പി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ ഘടനയ്ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകില്ല.- മനീഷ് തിവാരി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം മഹാരാജ ഹരി സിംഗ് പാകിസ്ഥാനുമായി ഉണ്ടാക്കിയ കരാറില്‍ ഒപ്പു വെക്കാന്‍ ഇന്ത്യ മടിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്നും ജമ്മു കശ്മീരിനെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 മാത്രമല്ല ഉള്ളത്. അതില്‍ ആര്‍ട്ടിക്കിള്‍ 371 എ മുതല്‍ 1 വരെ ഉണ്ട്. നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍, ആന്ധ്ര, സിക്കിം തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അവ നല്‍കുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയിരിക്കുന്നത് വഴി എന്ത് സന്ദേശമാണ് ആ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 371 നാളെ നിങ്ങള്‍ റദ്ദാക്കാം. അവിടെയെല്ലാം രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാം. ഏത് തരത്തിലുള്ള ഭരണഘടനാപരമായ മാതൃകയാണ് നിങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്- മനീഷ് തിവാരി ചോദിച്ചു.

ഭരണഘടനയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ കൂടി അനുമതിയോടെ മാത്രമേ സാധിക്കൂ. ജമ്മു കശ്മീരില്‍ എവിടെയാണ് ഭരണഘടന പ്രകാരമുള്ള നിയസഭ ? ഏതെങ്കിലും സംസ്ഥാനത്തിന്റെ അതിരുകള്‍ മാറ്റുന്നതിനുമുമ്പ് നിയമസഭയുമായി കൂടിയാലോചിക്കണമെന്ന് ഭരണഘടനയുടെ സെക്ഷന്‍ 3 പറയുന്നുണ്ട്.

തെലങ്കാനയെയും ആന്ധ്രയെയും വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ അന്ന് ബി.ജെ.പി ചോദ്യം ചെയ്തിരുന്നു. ‘ഞങ്ങള്‍ അന്ന് സര്‍ക്കാരുമായി സംസാരിച്ചിരുന്നു. ഇത് പാര്‍ലമെന്റിന്റെ രേഖയിലുള്ള കാര്യമാണ്. എന്നാല്‍ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭരണഘടനയെ വരെ തെറ്റായി വ്യാഖ്യാനിച്ചു- മനീഷ് തിവാരി പറഞ്ഞു.

We use cookies to give you the best possible experience. Learn more