ലക്ഷ്യംവെക്കുന്നത് എന്നെയാണെങ്കിലും അപമാനിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ : വി.കെ സിങ്
Daily News
ലക്ഷ്യംവെക്കുന്നത് എന്നെയാണെങ്കിലും അപമാനിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ : വി.കെ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2016, 10:27 am

V.K-Singh

ന്യൂദല്‍ഹി:താന്‍ സൈനിക മേധാവിയായിരിക്കെ  2012 ല്‍ പട്ടാള അട്ടിമറി നടന്നിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്താവന തന്നെ മാത്രം ഉന്നംവെച്ചുള്ളതാണെങ്കിലും ഇന്ത്യയിലെ സത്യസന്ധരായ ലക്ഷക്കണക്കിന് പട്ടാളക്കാരെയാണ് ഇതിലൂടെ അദ്ദേഹം അപമാനിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനികമേധാവിയുമായ വി.കെ സിങ്.

മനീഷ് തിവാരി ബുദ്ധിമാനായ ഒരാളാണ്. എന്നാല്‍ എന്താണ് താന്‍ ചെയ്യുന്നതെന്നോ എന്തൊക്കെയാണ് വിളിച്ചുപറയുന്നതെന്നോ എന്ന ധാരണ അദ്ദേഹത്തിനില്ല.

അദ്ദേഹം ഒരു അഭിഭാഷകന്‍ കൂടിയാണെന്ന കാര്യം പോലും മറന്നിരിക്കുന്നു. 2012 ല്‍ സര്‍ക്കാരിനെ അറിയിക്കാതെ ദല്‍ഹിയിലേക്ക് സൈനിക നീക്കം നടത്തിയെന്ന അദ്ദേഹത്തിന്റെ ആരോപണം ഒരുപക്ഷെ എന്നെ ഉന്നംവെച്ചായിരിക്കും.

എന്നാല്‍ ഇന്ത്യയിലെ 13 ലക്ഷത്തോളം വരുന്ന സൈനികരുടെ സത്യസന്ധതയെയാണ് അത് ചോദ്യം ചെയ്യുക. അവരുടെ പ്രതിച്ഛായയെയാണ് തിവാരി കളങ്കപ്പെടുത്തുന്നത്.

2012-14 കാലയളവില്‍ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയും പ്രതിരോധ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം ഇത്തരമൊരു സംഭവം അറിയാമായിരുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ എന്തുകൊണ്ട് ഇക്കാലമത്രയും അത് പുറത്തുപറഞ്ഞില്ല.

അതില്‍ നിന്നും തന്നെ പറയുന്നത് അസംബന്ധമാണെന്ന് വ്യക്തമാണ്. ദയവുചെയ്ത് രാജ്യത്തിന്റെ വിലപ്പെട്ട സമയം കളയരുത്. കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഈ രാജ്യത്തുണ്ട്. എന്നപ്പോലുള്ളവരെ ജോലി ചെയ്യാന്‍ ദയവായി അനുവദിക്കണം- വി.കെസിങ് പറഞ്ഞു.