| Wednesday, 22nd February 2023, 4:42 pm

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ കഴിവ് കേടിന് ഉദാഹരണം: മനീഷ് സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫീഡ് ബാക്ക് യൂണിറ്റ് കേസില്‍ തനിക്കെതിരായ സി.ബി.ഐ അന്വേഷണത്തെ വിമര്‍ശിച്ച് ദല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട കേന്ദ്ര സര്‍ക്കാറിന്റെ പ്രതികാര നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രിയുടെ പരാമര്‍ശം.

തനിക്കെതിരെ ഉയര്‍ന്ന് വന്ന ഫോണ്‍ ചോര്‍ത്തല്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ കള്ളക്കേസെടുക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന്റെ കഴിവ് കേട് വെളിപ്പെട്ടെന്നും, ആം ആദ്മിയുടെ വളര്‍ച്ച കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരത്തിലെത്തിയതിന് ശേഷം വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഫീഡ്ബാക്ക് യൂണിറ്റെന്ന പേരില്‍ സമാന്തര ഏജന്‍സി രൂപീകരിക്കുകയും രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നുമാണ് സിസോദിയക്കെതിരായ ആരോപണം.

സിസോദിയയെ വിചാരണ ചെയ്യണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന നല്‍കിയ പരാതിയിന്മേലാണ് സി.ബി.ഐ നടപടിയെടുത്തത്.

2015ല്‍ രൂപീകരിച്ച യൂണിറ്റ് വഴി കേന്ദ്ര മന്ത്രിമാരുടെയും, വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിവരങ്ങള്‍ കൈമാറിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിസോദിയ തന്നെ രംഗത്തെത്തിയിരുന്നു.

2016ലാണ് സി.ബി.ഐ കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന സിസോദിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച യൂണിറ്റിന് ഒരു കോടി രൂപ അധിക ചെലവായി സര്‍ക്കാര്‍ വകയിരുത്തിയെന്നും, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നും കുറ്റപത്രത്തിലുണ്ട്.

നിലവില്‍ ദല്‍ഹി മദ്യ നയക്കേസിലും നടപടി നേരിടുന്ന സിസോദിയ കേസിന്റെ വിചാരണക്കായി കോടതിയില്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

Content Highlight: Manish sisodiya tweet on c.b.i case

We use cookies to give you the best possible experience. Learn more