ന്യൂദൽഹി: ദൽഹി മദ്യനയ കേസിൽ ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 17 വരെ ഇ.ഡി കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് ദൽഹി കോടതി. സ്പെഷ്യൽ ജഡ്ജി എൻ.കെ. നാഗ്പാലിന്റേതാണ് വിധി. അഭിഭാഷകരായ ദയാൻ കൃഷ്ണൻ, മോഹിത് മാതുർ, സിദ്ധാർത്ഥ് അഗർവാൾ എന്നിവരായിരുന്നു സിസോദിയക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
വ്യാഴാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഇ.ഡി സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. ദൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണമിടപാട് നടന്നെന്നാരോപിച്ചാണ് അറസ്റ്റ്.
നേരത്തെ മദ്യനയക്കേസിൽ സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയിൽ കഴിഞ്ഞ സിസോദിയയെ പിന്നീട് ജുഡീഷ്യൽ കസ്റ്റിഡിയിലേക്ക് മാറ്റുകയായിരുന്നു.
മദ്യനയക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന മനീഷ് സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്മി ആരോപണമുന്നയിച്ചിരുന്നു. കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെൽ നമ്പർ 1ലാണ് സിസോദിയയെ പാർപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ജീവൻ അപായപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ച് ആം ആദ്മി നേതാവ് സൗരവ് ഭരദ്വാജാണ് രംഗത്തെത്തിയത്.