ന്യൂദൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ദൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ. കെജ് രിവാളിനോടും ഭഗവന്ത് മാനിനോടുമൊപ്പം ഗുജറാത്തിൽ പ്രചരണത്തിന് താനും പോകേണ്ടതായിരുന്നുവെന്നും ഇത് തടയാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സി.ബി.ഐയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക് മദ്യശാലകളുടെ ലൈസൻസ് നൽകാൻ കൈക്കൂലി വാങ്ങിയെന്നതാണ് ദൽഹി മദ്യ നയ അഴിമതി കേസ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ തടയാനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് മനീഷ് സിസോദിയ പറയുന്നു. ബി ജെ പിക്ക് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നുള്ള ഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ്. സിസോദിയ ഉൾപ്പടെ 14 പേരാണ് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് കേസ്.
വസതിയിൽനിന്നും മാതാവിൻറെ അനുഗ്രഹം വാങ്ങിയാണ് സിസോദിയ സി.ബി.ഐ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. ആം ആദ്മി പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സിസോദിയയുടെ വീട്ടിലേക്ക് പ്രവർത്തകർ എത്താതിരിക്കാൻ പൊലീസ് വീടിന്റെ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
Content Highlight: Manish sisodia says that cbi called him for questioning focusing on gujarat elections