നേതാക്കളെയുണ്ടാക്കലല്ല എ.എ.പിയുടെ ലക്ഷ്യം; ഗുജറാത്തില്‍ പ്രചരണം ശക്തമാക്കി എ.എ.പി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്
national news
നേതാക്കളെയുണ്ടാക്കലല്ല എ.എ.പിയുടെ ലക്ഷ്യം; ഗുജറാത്തില്‍ പ്രചരണം ശക്തമാക്കി എ.എ.പി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th September 2022, 3:35 pm

ന്യൂദല്‍ഹി: ബി.ജെ.പിയും ആംആദ്മിയും പോരാട്ടം ശക്തമാക്കിയ ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ഉഝയില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണങ്ങളുടെ ഭാഗമായി വടക്കന്‍ ഗുജറാത്തില്‍ ക്യാമ്പ് ചെയ്തുവരികയാണ് സിസോദിയ.

നേരത്തെ ജാര്‍ഖണ്ഡില്‍ എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് കൊതിയാല്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായായിരിക്കാം പാര്‍ട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജാഗ്രത കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എ.എ.പിയുടെ ലക്ഷ്യം ജനങ്ങളെ സേനിക്കാന്‍ നേതാക്കളെയുണ്ടാക്കുകയല്ലെന്നും നിലവാരമുള്ള സ്‌കൂളുകളും സൗകര്യങ്ങളും ഒരുക്കുകയാണെന്നും സിസോദിയ പറഞ്ഞു.

‘എ.എ.പിയുടെ ലക്ഷ്യം നേതാക്കളെയുണ്ടാക്കുകയല്ല. മറിച്ച് സാധാരണക്കാരായ ജനങ്ങള്‍ക്ക് കൃത്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കുകയാണ് എ.എ.പിയുടെ ലക്ഷ്യം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ‘തെരഞ്ഞെടുക്ക’പ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടിയല്ല, ജനങ്ങളുടെ ഉന്നമനത്തിനാണ് പൊതുഫണ്ട് ഉപയോഗിക്കേണ്ടതെന്ന എ.എ.പിയുടെ നയം വളരെ വ്യക്തമാണെന്നും സിസോദിയ പറഞ്ഞു.

അതേസമയം, എ.എ.പിയുടെ എം.പി രാഘവ് ഛദ്ദ ഇന്ന് രാവിലെ രാജ്കോട്ടിലെത്തി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ കോ-ഇന്‍ചാര്‍ജായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

ഞായറാഴ്ച മനീഷ് സിസോദിയയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സന്ദര്‍ശിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും.

Content Highlight: Manish sisodia says aap will declare its cm candidate later