ദല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.
”സ്‌കൂളുകളില്‍ നിന്നും ഏറെക്കാലം വിട്ടുനില്‍ക്കുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷവും ഭയവും ഉണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യം മനസിലാക്കുന്നതിന് വേണ്ടി, കൊവിഡ് മഹാമാരി സ്‌കൂള്‍ കുട്ടികളുടെ മാനസിക-വൈകാരിക സ്വഭാവങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നതിനായി വലിയ രീതിയില്‍ സര്‍വേ നടത്താന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്,” വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ മനീഷ് സിസോദിയ പറഞ്ഞു.
സര്‍വേയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും വിദഗ്ധരുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രശസ്തമായ തങ്ങളുടെ ‘ഹാപ്പിനെസ് കരിക്കുലം’ പുതുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസിക-വൈകാരിക ആരോഗ്യത്തിന് വേണ്ടി തയാറാക്കിയതാണ് ഹാപ്പിനെസ് കരിക്കുലം. ഇതിന് വേണ്ട നടപടികളെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മനീഷ് സിസോദിയ പറഞ്ഞു.
”ആദ്യമായാണ് ഇത്തരത്തില്‍ ഒരു സര്‍വേ നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പാരന്റിങ് രീതി, ലോക്ഡൗണില്‍ കുട്ടികള്‍ കൂടുതല്‍ സമയവും തങ്ങള്‍ക്കൊപ്പം ചിലവഴിക്കുമ്പോഴുള്ള മാതാപിതാക്കളുടെ മാനസികനില, അധ്യാപകരില്‍ വന്ന മാറ്റങ്ങള്‍ എന്നിവയും സര്‍വേയില്‍ ഉള്‍പ്പെടുത്തും.
ഞങ്ങളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാനസികവും വൈകാരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ഹാപ്പിനെസ് കരിക്കുലം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഈ സര്‍വേയില്‍ നിന്നുമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ കരിക്കുലത്തില്‍ ഭേദഗതി വരുത്തും. പുതിയ ചാപ്റ്ററുകള്‍, കഥകള്‍, മറ്റ് ആക്ടിവിറ്റികള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും കരിക്കുലം പുതുക്കുക. കൊവിഡ് മഹാമാരി പോലുള്ള വെല്ലുവിളി നിറഞ്ഞ സമയത്ത് മാനസിക പിരിമുറുക്കമില്ലാതാക്കാന്‍ കുട്ടികളെ ഈ കരിക്കുലം സഹായിക്കും,” സിസോദിയ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളിലെ നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയാണ് ഹാപ്പിനെസ് കരിക്കുലം. 2018ലായിരുന്നു പദ്ധതി ആരംഭിച്ചത്.