| Friday, 31st March 2023, 4:39 pm

മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ജാമ്യഹരജി തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹരജി തള്ളി ദൽഹി റൂസ് അവന്യു കോടതി. സി.ബി.ഐ, ഇ.ഡി കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ.

റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി എം.കെ. നാഗ്പാലാണ് സിസോദിയയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. മുതിർന്ന അഭിഭാഷകരായ ദയൻ കൃഷ്ണൻ, മോഹിത് മാത്തൂർ എന്നിവരാണ് കോടതിയിൽ സിസോദിയക്ക് വേണ്ടി ഹാജരായത്.

സിസോദിയക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി സിങ് കോടതിയെ അറിയിച്ചു.

അതേസമയം ചോദ്യം ചെയ്യലിന്റെ ആവശ്യകത നിലനിൽക്കുന്നില്ലെന്നും ആ ഘട്ടം കഴിഞ്ഞെന്നും സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദയൻ കൃഷ്ണൻ കോടതിയെ ബോധിപ്പിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സിസോദിയക്ക് സാധിക്കുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിച്ചു.

ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വർഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്. അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താൻ ആദ്യഘട്ടം മുതൽ അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.

Content Highlight: Manish sisodia’s bail plea rejected by Delhi Court

We use cookies to give you the best possible experience. Learn more