ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ആരോഗ്യമന്ത്രി സത്യേന്ദ്രജെയ്‌നും സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അംഗീകരിച്ചു.
18 മന്ത്രിസഭകളായിരുന്നു സിസോദിയ കൈകാര്യം ചെയ്തിരുന്നത്. രാജിവെച്ച മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പത്ത് മാസങ്ങളായി ജയിലിലാണ്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ജയിലില്‍ തുടരുകയാണെങ്കില്‍ ആറ് വര്‍ഷത്തേക്ക് ഇരുവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
അറസ്റ്റിലാക്കപ്പെട്ട നേതാക്കള്‍ മന്ത്രിസഭയില്‍ തുടരുന്നതിനെ ബി.ജെ.പി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
അതേസമയം സി.ബി.ഐ നടപടിയെ ചോദ്യം ചെയ്ത് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഹൈക്കോടതിയില്‍ നിന്ന് ബദല്‍ പരിഹാരങ്ങള്‍ ലഭിക്കുമെന്നും നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതിന് പകരം അത്തരം സംവിധാനങ്ങള്‍ കൂടി പ്രയോജനപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.
‘എഫ്.ഐ.ആറിനെയും റിമാന്‍ഡിനെയും നിങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. 32-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയില്‍ ഹരജി നല്‍കാം, അതുപോലെ 482-ാം വകുപ്പ് പ്രകാരം ഹൈക്കോടതിയേയും നിങ്ങള്‍ക്ക് സമീപിക്കാം. ആദ്യം അത്തരം സാധ്യതകള്‍ പരിശോധിക്കൂ,’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിലവില്‍ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി നേതാക്കളും രംഗത്തെത്തിയിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlight: Manish Sisodia resigns from delhi cabinet ministry