| Tuesday, 22nd September 2020, 2:48 pm

ബ്രിട്ടീഷുകാര്‍ ഭരിച്ചതും ഇതുപോലെ, ഗാന്ധിജിയ്ക്കും അവര്‍ ചായ വാഗ്ദാനം ചെയ്യുമായിരുന്നു: മനീഷ് സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് ചായ നല്‍കിയ രാജ്യസഭാ ഉപാധ്യക്ഷന്റെ നടപടിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ബ്രട്ടീഷുകാര്‍ പണ്ട് ഗാന്ധിയ്ക്കും ചായ വാഗ്ദാനം ചെയ്യുമായിരുന്നു എന്നും അവര്‍ ഇന്ത്യ ഭരിച്ചത് ഇതേ രീതിയിലായിരുന്നു എന്നും സിസോദിയ ട്വീറ്റ് ചെയ്തു.

‘ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതും ഇതേ രീതിയിലായിരുന്നു. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും ക്രൂരതകള്‍ക്ക് വിധേയമാക്കുമായിരുന്നു. ഈ ക്രൂരതകളെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ കരിനിയമങ്ങള്‍ നടപ്പാക്കുമായിരുന്നു. അവര്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും കാണുമ്പോള്‍ അവര്‍ക്ക് ഒരോ കപ്പ് ചായ വാഗ്ദാനം ചെയ്യുമായിരുന്നു. നമ്മുടെ ഭരണ കര്‍ത്താക്കളും അതേ രീതിയലാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്,’ മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് രാവിലെ രാജ്യസഭാ ഉപാധ്യക്ഷന്‍ ചായ കൊണ്ട് കൊടുത്ത ത്തില്‍ ഉപാധ്യക്ഷന്റെ നടപടിയെ പ്രകീര്‍ത്തിച്ചുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ‘തന്നെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തവര്‍ക്ക് ചായ വിളമ്പി നല്‍കിയതിലൂടെ ശ്രീ. ഹരിവന്‍ഷ് ജിയുടെ എളിമയുള്ള മനസ്സും വിശാല ഹൃദയവുമാണ് വ്യക്തമാകുന്നത്.’ മോദി പറഞ്ഞു.

മോദിക്ക് മറുപടിയുമായി ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ് രംഗത്തെത്തിയിരുന്നു. ഉപാധ്യക്ഷന്റെ ചായ വിനയത്തോടെ മടക്കി നല്‍കിയെന്നും ആദ്യം നിങ്ങള്‍ കര്‍ഷകരുടെ പങ്ക് നല്‍കൂ എന്നും സഞ്ജയ് സിംഗ് പറഞ്ഞു.

പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് പിന്തുണയറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തയിരുന്നു.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പാരോടുകയാണ്. അവര്‍ക്ക് മുന്നില്‍ മറ്റ് പ്രതിസന്ധികളൊന്നും പ്രശ്നമല്ലെന്നും എം.പിമാരെ പിന്തുണച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

‘എം.പിമാര്‍ അവര്‍ക്ക് വേണ്ടിയല്ല പോരാടുന്നത്. അവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. അവര്‍ ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് പോരാടുന്നത്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഈ നിയമങ്ങള്‍ അവരെ ഇല്ലാതാക്കുമെന്ന് രാജ്യത്തെ കര്‍ഷകര്‍ ഒരേസ്വരത്തില്‍ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അത്രയും അപകടകരമായ ഒരു ബില്ല് വോട്ടിനിടാതെ പാസാക്കിയിരിക്കുന്നു. പിന്നെ എന്താണ് പാര്‍ലമെന്റ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? പിന്നെ എന്താണ് തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു ബില്ല് ഇങ്ങനെ പാസാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് സെഷന്‍ വിളിച്ച് കൂട്ടിയത്,’ കെജ്രിവാള്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.

രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ എം.പിമാര്‍ അറിയിച്ചിരുന്നു. സസ്പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരം കരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manish Sisodia compared the present government to the British colonial rulers.

We use cookies to give you the best possible experience. Learn more