| Friday, 15th December 2017, 6:18 pm

'മുസ്‌ലിങ്ങളും പാകിസ്ഥാനികളും എന്റെ ശത്രുക്കളല്ല'; മോദിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയാണെന്ന് മണിശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. ബി.ജെ.പി നേതാക്കളെല്ലാം ചാനല്‍ ചര്‍ച്ചയിലിരുന്ന് പാകിസ്ഥാനില്‍ നിന്നുള്ള സുഹൃത്തിനെ അതിഥിയായി ക്ഷണിക്കുന്നതിന് മുന്‍പ് അനുമതി വാങ്ങണമെന്നാണ് പറയുന്നത്. താനെന്തിനാണ് എന്റെ സുഹൃത്തിനെ സല്‍ക്കരിക്കുന്നതില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. തന്റെ സുഹൃത്തിനും തനിക്കും സ്വകാര്യത എന്ന അവകാശമില്ലേ എന്നും അയ്യര്‍ ചോദിക്കുന്നു.

ബി.ജെ.പി നേതാക്കള്‍ പറയുന്നത് അന്ന് നടന്നത് ഡിന്നര്‍ പാര്‍ട്ടിയല്ല മറിച്ച് ഗൂഢാലോചനയാണെന്നാണ്. താനൊരു വാടകക്കൊലയാളിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വളരെ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനുമായും ഇന്ത്യയിലെ മുസ്‌ലിങ്ങളുമായും വൈര്യം വളര്‍ത്താനുള്ള അത്യന്തം നീചവും ക്രൂരവുമായ ശ്രമമാണ് ഈ പ്രസ്താവനയ്ക്കു പിന്നിലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

” 20 വയസുമുതല്‍ പരിചയക്കാരനായ ഖുര്‍ഷിദ് കസൂരിയടക്കമുള്ള പാകിസ്ഥാനികളോ മുസ്‌ലിങ്ങളോ എന്റെ ശത്രുക്കളല്ല. 56 വര്‍ഷം മുന്‍പ് കേംബ്രിഡ്ജ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തൊട്ട് തുടങ്ങിയ സൗഹൃദമാണ് കസൂരിയും ഞാനും തമ്മില്‍. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ 1978-82 കാലയളവില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാവുമായ എ.ബി വാജ്‌പേയ് കറാച്ചിയില്‍ കോണ്‍സുലേറ്റ് ജനറല്‍ ആയി നിയമിച്ചതും”.

വാജ്‌പേയ് പ്രധാനമന്ത്രി സ്ഥാനത്തിന് മാന്യത കല്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നെന്നും എന്നാല്‍ നിലവിലെ പ്രധാനമന്ത്രി നിര്‍ഭാഗ്യവശാല്‍ അത്തരത്തിലൊരാളല്ലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more