ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. മരുഭൂമിയില്‍ നിസ്സഹായനായിപ്പോയ നജീബിന്റെ ദുരിതങ്ങളെ നോവലിലെ അതേ തീവ്രതയില്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്താന്‍ സംവിധായകന്‍ ബ്ലെസിക്ക് സാധിച്ചു. അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. മലയാളസിനിമക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന സിനിമയെന്നാണ് നിരൂപകരുടെ അഭിപ്രായം.
ഏറ്റവുമൊടുവില്‍ സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ മണിരത്‌നം. ബ്ലെസിക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശം തന്റെ ഫേസ്ബുക്ക് പേജിലൂടെ ബ്ലെസി പങ്കുവെച്ചു.
എടുത്ത എഫര്‍ട്ടുകള്‍ സ്‌ക്രീനില്‍ കാണാന്‍ സാധിച്ചെന്നും, ഇത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യമാണെന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും മണിരത്‌നം മെസേജില്‍ കുറിച്ചു. പൃഥ്വിരാജിനെയും മറ്റു ക്രൂ അംഗങ്ങളെയും മണിരത്‌നം അഭിനന്ദിച്ചു.
‘അഭിനന്ദനങ്ങള്‍ സാര്‍. ഈ സിനിമ എങ്ങനെ നിങ്ങള്‍ സാധ്യമാക്കി എന്ന് എനിക്കറിയില്ല. നിങ്ങള്‍ എടുത്ത എല്ലാ എഫര്‍ട്ടും സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. മരുഭൂമിയുടെ കാഠിന്യവും അതിന്റെ അക്രമാസക്തമായ ശാന്തതയും, അനന്തതയും തുടങ്ങി അതിന്റെ വിവിധ മുഖങ്ങള്‍ ഭംഗിയായി ചിത്രീകരിച്ചു. നിങ്ങളുടെയും സുനിലിന്റെയും മഹത്തായ വര്‍ക്ക് തന്നെയാണിത്.
യഥാര്‍ത്ഥത്തില്‍ ഇതൊക്കെ നടന്നിട്ടുണ്ട് എന്നത് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നുണ്ട്. അധികം സെന്റിമെന്റലാക്കാതെ സിനിമ അവസാനിച്ച രീതിയും എനിക്കിഷ്ടപ്പെട്ടു. ഓള്‍ ദ ബെസ്റ്റ്,’ മണിരത്‌നം പറഞ്ഞു.
‘ആടുജീവിതം സിനിമ സാധ്യമാക്കിയ ടീമിന്റെ അര്‍പ്പണബോധത്തെയും പ്രയത്‌നത്തെയും അഭിനന്ദിച്ച മണിരത്‌നം സാറിന് നന്ദി’ എന്ന ക്യാപ്ഷനോടെയാണ് ബ്ലെസി ഈ സന്ദേശം പങ്കുവെച്ചത്.
Content Highlight: Maniratnam appreciates the whole crew of Aadujeevitham