|

ഞാന്‍ ആ യുവ നടിയുടെ വലിയ ആരാധകന്‍; കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് സായി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ പ്രമേയമാകുന്നത്.

സായി പല്ലവിയെ കുറിച്ച് വെള്ളിയാഴ്ച നടന്ന അമരന്റെ പ്രീ-റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു മണിരത്നം. താന്‍ സായി പല്ലവിയുടെ വലിയ ആരാധകനാണെന്നും ഒരു ദിവസം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്, ഒരു ദിവസം ഞാന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ മണിരത്‌നം പറയുന്നു.

അമരന്‍ സിനിമയിലെ പ്രധാന താരങ്ങളായ ശിവകാര്‍ത്തികേയന്‍, സായി പല്ലവി എന്നിവരെ കൂടാതെ സംവിധായകരായ ലോകേഷ് കനകരാജ്, മണിരത്‌നം എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പ് തനിക്ക് പല സംവിധായകരെയും അറിയില്ലായിരുന്നുവെന്നും എന്നാല്‍ മണിരത്‌നം എന്നത് എപ്പോഴും അറിയാവുന്ന പേരായിരുന്നു എന്ന് സായി പല്ലവി പറയുന്നു. താന്‍ ചെയ്യുന്ന തിരക്കഥകളും വേഷങ്ങളും തെരഞ്ഞെടുക്കാന്‍ അദ്ദേഹവും ഒരു കാരണമാണെന്ന് സായി പല്ലവിയും മണിരത്‌നത്തിനെ കുറിച്ച് പറഞ്ഞു.

‘സിനിമയില്‍ വരുന്നതിന് മുമ്പ് എനിക്ക് പല സംവിധായകരെയും അറിയില്ലായിരുന്നു, എന്നാല്‍ മണിരത്‌നം എന്നത് എനിക്ക് എപ്പോഴും അറിയാവുന്ന പേരായിരുന്നു. ഞാന്‍ ചെയ്യുന്ന വേഷങ്ങളും സിനിമയുമെല്ലാം തെരഞ്ഞെടുക്കാനുള്ള ഒരു കാരണം അദ്ദേഹം കൂടിയാണ്,’ സായി പല്ലവി പറയുന്നു.

അതേ പരിപാടിയില്‍ ശിവകാര്‍ത്തികേയനും സായ് പല്ലവിയെ ‘വലിയ ബ്രാന്‍ഡ്’ എന്ന് വിളിച്ച് പ്രശംസിച്ചു. പ്രേമം എന്ന സിനിമയില്‍ താന്‍ സായി പല്ലവിയെ കണ്ടെന്നും എല്ലാവരെയും പോലെ താനും മലര്‍ ടീച്ചറുടെ ആരാധകനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായി പല്ലവിയുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ സായിയെ വിളിച്ചപ്പോള്‍ അണ്ണാ വളരെ നന്ദി എന്ന് പറഞ്ഞെന്നും അവള്‍ ഇന്ന് ഒരു വലിയ ബ്രാന്‍ഡാണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Manirathnam Talks About Sai Pallavi