| Friday, 29th November 2024, 3:00 pm

കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട മികച്ച തമിഴ് സിനിമ; ടീമാണ് ആ ചിത്രത്തിന്റെ ശക്തി: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. പരിയേറും പെരുമാളും മാമന്നനും മഹാവീരനും കണ്ടിട്ടുണ്ടെന്നും മാവീരന്‍ സൂപ്പര്‍ ഹീറോ ഴോണറില്‍ വന്ന വ്യത്യസ്തമായ ചിത്രമാണെന്നും മണിരത്‌നം പറഞ്ഞു. വെട്രിമാരന്റെ എല്ലാ സിനിമകളുടെയും ആരാധകനാണ് താനെന്നും വെട്രിമാരന്റെ വിടുതലൈ എന്ന സിനിമയാണ് കൂടുതലിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ നിന്ന് താന്‍ കുറെ കാലത്തിന് ശേഷം കണ്ട മികച്ച ചിത്രമാണ് കൂഴങ്ങള്‍ എന്നും സിനിമയുടെ മേക്കിങ്ങും പെര്‍ഫോമന്‍സും ഔട്ട്സ്റ്റാന്‍ഡിങ്ങാണെന്നും മണിരത്നം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പരിയേറും പെരുമാള്‍ ചിത്രം കണ്ടിട്ടുണ്ട്. എന്നാല്‍ മാമന്നന്‍ കണ്ടിട്ടില്ല. എന്നാല്‍ ഇവിടെ ഈ അഭിമുഖത്തിന് വരും എന്നറിഞ്ഞപ്പോള്‍ മാവീരനും മാമന്നനും ഞാന്‍ കണ്ടു. അതിഗംഭീര സിനിമകളാണ് രണ്ടും. ഭയങ്കര വ്യത്യസ്തമായ ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് മഹാവീരന്‍. ആ ഴോണറില്‍ നിന്ന് വന്ന സിനിമകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു മാവീരന്‍. പിന്നെ വെട്രിമാരന്റെ എല്ലാ സിനിമകളുടെയും വലിയ ആരാധകനാണ് ഞാന്‍. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിടുതലൈ. എനിക്ക് ആ ചിത്രം നന്നായി ഇഷ്ടപെട്ടതാണ്.

കൂഴങ്ങള്‍ എന്ന് പറയുന്നൊരു സിനിമ ഞാന്‍ കണ്ടിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ടൊരു മികച്ച തമിഴ് ചിത്രമാണ് അത്. വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ളൊരു സിനിമയാണത്. ആ ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ഔട്ട്സ്റ്റാന്‍ഡിങ്ങാണ്. ഞാന്‍ കൂഴങ്ങളുടെ സംവിധായകനോട് ചോദിക്കുകയായിരുന്നു എങ്ങനെയാണ് പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെ വെച്ച് അത്രയും വലിയ ഡയലോഗുകളെല്ലാം പെര്‍ഫക്റ്റായി പറയിപ്പിക്കുന്നതെന്ന്. ഞങ്ങള്‍ക്ക് ഒരു ഗ്രേറ്റ് ടീം ഉണ്ടെന്നായിരുന്നു അവരുടെ മറുപടി,’ മണിരത്‌നം പറയുന്നു.

നവാഗതനായ പി.എസ് വിനോദ്രാജ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെബിള്‍സ് അഥവാ കൂഴങ്ങള്‍. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേഷ് ശിവനും നയന്‍താരയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവന്‍ ശങ്കര്‍ രാജയാണ്.

2021 ഫെബ്രുവരി നാലിന് നെതര്‍ലാന്‍ഡില്‍ നടന്ന 50-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള റോട്ടര്‍ഡാമില്‍ പെബിള്‍സ് പ്രദര്‍ശിപ്പിക്കുകയും മേളയില്‍ ചിത്രത്തിന് ടൈഗര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. 94-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി കൂഴങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു എങ്കിലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ല. കൂടാതെ ഇന്ത്യയുടെ 52-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു,

Content Highlight: Manirathnam Talks About His Favorite Movie

Latest Stories

We use cookies to give you the best possible experience. Learn more