| Tuesday, 2nd June 2020, 6:08 pm

ഇതിഹാസങ്ങള്‍ ഒന്നിച്ചപ്പോള്‍; പല്ലവി മുതല്‍ ദളപതിവരെ; മണിരത്‌നവും ഇളയരാജയും ഒന്നിച്ച ചിത്രങ്ങളും ഗാനങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നവും ഇളയരാജയും ഇന്ത്യന്‍ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന രണ്ട് ഇതിഹാസങ്ങളാണിവര്‍. രണ്ടുപേരുടെയും ജന്മദിനങ്ങള്‍ ഒരേ ദിവസമാണെന്നത് യാദൃശ്ചികമാണെങ്കിലും ഇരുവരും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഗംഭീര ഗാനങ്ങളായിരുന്നു.

1983 ല്‍ ആണ് മണിരത്‌നം ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. പല്ലവി അനു പല്ലവി എന്ന കന്നട സിനിമയായിരുന്നു മണിരത്‌നം ആദ്യം സംവിധാനം ചെയ്തത്. ഈ ചിത്രം മുതല്‍ രജനികാന്തിനെയും മമ്മൂട്ടിയെയും നായകരാക്കി സംവിധാനം ചെയ്ത ദളപതിവരെ മണിരത്‌നം സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തത് ഇളയരാജയായിരുന്നു.

എന്നാല്‍ ദളപതിക്ക് ശേഷം ഇറങ്ങിയ എല്ലാ മണിരത്‌നം സിനിമകള്‍ക്കും സംഗീത സംവിധാനം ചെയതത് എ.ആര്‍ റഹ്മാനായിരുന്നു. ഇളയരാജ സംഗീതസംവിധാനം ചെയ്ത മണിരത്‌നം സിനിമകള്‍ ഏതെല്ലാം ആണെന്ന് നോക്കാം.

1983 പല്ലവി അനു പല്ലവി

കന്നടയിലാണ് ആദ്യമായി മണിരത്‌നം സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ അനില്‍ കപൂറും, ലക്ഷ്മിയുമായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തി.

നാലുഗാനങ്ങളായിരുന്നു ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും ആലപിച്ച നഗുവ നയന എന്ന ഗാനം വന്‍ ഹിറ്റായി.

1985 ഉണരു

മണിരത്‌നത്തിന്റെ രണ്ടാം സിനിമ മലയാളത്തിലായിരുന്നു. മോഹന്‍ലാല്‍, സുകുമാരന്‍, സബിത എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ഏകമലയാള സിനിമയും ഇതാണ്. രണ്ട് ഗാനങ്ങളായിരുന്നു ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്. എസ് ജാനകിയും കോറസും ചേര്‍ന്ന് ആലപിച്ച ദീപമേ എന്ന ഗാനവും ജാനകി ആലപിച്ച തീരം തേടും എന്ന ഗാനവും.

1985 പകല്‍ നിലാവ്

മണിരത്‌നത്തിന്റെ ആദ്യത്തെ തമിഴ് സിനിമ മുരളി, രേവതി മേനോന്‍, രാധിക, സത്യരാജ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 6 ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രത്തില്‍ ഇളയരാജ തന്നെ ആലപിച്ച മൈന മൈന എന്ന ഗാനം ആക്കാലത്തെ യുവാക്കള്‍ ഏറ്റുപാടിയിരുന്നു.

1985 ഇദയ കോവില്‍

മോഹന്‍, രാധ, അംബിക, ഗൌണ്ടമണി എന്നിവരെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത ഈ ചിത്രം. 7 ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഒരുക്കിയത്. ഇതില്‍ ഇദയം ഒരു കോവില്‍ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതും ഇളയരാജ തന്നെയായിരുന്നു.

1986 മൗനരാഗം

മണിരത്‌നത്തിന്റെ കരിയറിലെ തന്നെ ആദ്യ ബ്രേക്കുകളില്‍ ഒന്നാണ് മൗനരാഗം. മോഹന്‍, രേവതി , കാര്‍ത്തിക് മുത്തുരാമന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ചിത്രത്തിലെ എസ് ജാനകി പാടിയ ചിന്ന ചിന്ന വാനകുയില്‍ എന്ന ഗാനം സര്‍വ്വകാല ഹിറ്റായിരുന്നു.

1987 നായകന്‍

മണിരത്‌നത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു കമല്‍ഹാസനെ നായകനാക്കി എടുത്ത നായകന്‍. ഗോഡ്ഫാദറില്‍ നിന്ന് സ്വാധീനം ഉള്‍കൊണ്ട് എടുത്ത ഈ സിനിമയില്‍കമലഹാസന്‍, ശരണ്യ, നാസര്‍, ജനകരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ കമല്‍ഹാസനും ഇളയരാജയും ചേര്‍ന്ന് ആലപിച്ച തെമ്പാണ്ടി ചീമയിലെ എന്ന ഗാനം ഇന്നും ഹിറ്റും ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനമാണ്.

1988 അഗ്‌നി നക്ഷത്രം

പ്രഭു, കാര്‍ത്തിക്, വിജയ് കുമാര്‍, നിറോഷ, അമല, ജനകരാജ്, ജയചിത്ര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എടുത്ത ഈ സിനിമ പിന്നീട് തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി.

ചിത്രത്തിലെ ഒരോ ഗാനങ്ങളും ഹിറ്റായിരുന്നു, രാജ രാജാധി രാജ എന്ന ഗാനം ഇളയരാജ തന്നെയായിരുന്നു ആലപിച്ചത്. ചിത്ര ആലപിച്ച നിന്നുകോരി വര്‍ണം എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

1989 ഗീതാഞ്ജലി

നാഗാര്‍ജുന, ഗിരിജ, വിജയകുമാര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തെലുങ്കില്‍ ഒരുക്കിയ ഈ ചിത്രം വന്‍ വാണിജ്യ വിജയം കരസ്ഥമാക്കി. ഈ ചിത്രം പിന്നീട് തമിഴിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി. ഏഴുഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. എസ്.പി.ബാലസുബ്രമഹ്ണ്യം, ചിത്ര, ജാനകി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.

1990 അഞ്ജലി

രഘുവരന്‍, രേവതി, പ്രഭു ഗണേശന്‍, തരുണ്‍ കുമാര്‍, ശ്യാമിലി, ശ്രുതി, ശരണ്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എടുത്ത അഞ്ജലി നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. ഈ ചിത്രം പിന്നീട് തെലുങ്കിലേക്കും മൊഴിമാറ്റം നടത്തി. ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തില്‍ 7 ഗാനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

1991 ദളപതി

ഇളയരാജയും മണിരത്‌നവും അവസാനമായി ഒന്നിച്ച സിനിമയാണ് ദളപതി. രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി, അംരീഷ് പുരി, ശോഭന, ഭാനുപ്രിയ, ശ്രീവിദ്യ, ഗീത, ജൈശങ്കര്‍ എന്നിവര്‍ ഒന്നിച്ച ഈ സിനിമയിലെ ഒരോ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളിലുള്ളവയാണ്. ഈ ചിത്രം പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തി.

1991 ലെ ഫിലിം ഫെയര്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡയറക്ടര്‍, ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ പുരസ്‌ക്കാരം ഈ ചിത്രത്തിനായിരുന്നു. 7 ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more