ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ വേണ്ടി പരിശ്രമിക്കുമെന്ന് മണിപ്പൂരിലെ പ്രവാസി സംഘടന (ഗ്ലോബല്‍ മണിപ്പൂര്‍ ഫെഡറേഷന്‍). ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ലോകമെമ്പാടുമുള്ള മണിപ്പൂരികളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണെന്ന് ഫെഡറേഷന്‍ പ്രസ്താവനയിറക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘മണിപ്പൂരികള്‍ അനുഭവിക്കുന്ന വേദന സഹാനുഭൂതി ഉണ്ടാക്കുന്നതാണ്. കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകളെ അക്രമം ബാധിച്ചിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. വീടുകള്‍ തകര്‍പ്പെട്ടു. വന്‍തോതിലുള്ള സ്വത്തുക്കളും നഷ്ടപ്പെട്ടു.
ആളുകള്‍ അവരുടെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയുകയാണ്. മണിപ്പൂരികളില്‍ കലാപം ഉണ്ടാക്കിയ ആഘാതം സുഖപ്പെടേണ്ടതുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
അക്രമം ഇല്ലാതാക്കുന്നതിനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ന്യൂദല്‍ഹി, പ്രാദേശികവും അന്താരാഷ്ട്രീയവുമായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുടെ ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുകയാണ്.
എല്ലാ കമ്മ്യൂണിറ്റികളിലുംപെട്ട ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ അപലപിക്കുന്നു,’ ഫെഡറേഷന്‍ പറഞ്ഞു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള അവിശ്വാസങ്ങളും പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള മണിപ്പൂരികള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യബോധം വളര്‍ത്തിക്കൊണ്ടുവരുമെന്നും മണിപ്പൂരിലെ സ്ഥിതിഗതികളില്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് മൂന്നിന് പ്രതിഷേധിച്ചിരുന്നു. അതിന് ശേഷം മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിലവില്‍ സംഘര്‍ഷത്തില്‍ 98 ഓളം പേരാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
content highlight: Manipuris live like refugees in their own land: Global Manipur Federation