കുടിയേറ്റ ഭീഷണി; എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അമിത് ഷാക്ക് കത്തയച്ച് മണിപ്പൂരിലെ വിദ്യാര്‍ത്ഥി സംഘടനകള്‍
national news
കുടിയേറ്റ ഭീഷണി; എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അമിത് ഷാക്ക് കത്തയച്ച് മണിപ്പൂരിലെ വിദ്യാര്‍ത്ഥി സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 10:20 am

ഇംഫാല്‍: മണിപ്പൂരില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി) എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ച് ഏഴോളം വിദ്യാര്‍ത്ഥി സംഘടനകള്‍.

മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി സ്റ്റേറ്റ് പോപ്പുലേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനും കത്തില്‍ ആവശ്യമുണ്ട്.

പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള അടിസ്ഥാന വര്‍ഷം 1961 ല്‍ നിന്നും 1951ലേക്ക് മാറ്റാനും കത്തില്‍ ആവശ്യപ്പെടുന്നതായി വിദ്യാര്‍ത്ഥി സംഘടനകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരിലെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അലയന്‍സ് ഓഫ് മണിപ്പൂര്‍, മണിപ്പൂരി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ഓള്‍ നാഗാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍,

സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് കാംഗലിപാക് തുടങ്ങി ഏഴോളം സംഘടനകള്‍ നടത്തി വന്നിരുന്ന സമരങ്ങളുടെ തുടര്‍ച്ചയായാണ് കത്ത് നല്‍കിയിരിക്കുന്നത്.

1941 മുതല്‍ 1951 വരെ മണിപ്പൂരിലെ തദ്ദേശീയ ജനതയുടെ ജനന നിരക്കില്‍ 12.08 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായതെന്നും തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായ കുടിയേറ്റം വ്യാപകമായതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണിപ്പൂരില്‍ 996 കുടിയേറ്റ ഗ്രാമങ്ങള്‍ പുതിയതായി രുപീകരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

‘എന്‍.ആര്‍.സിയിലൂടെ മണിപ്പൂരിലെ ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനവിന് പരിഹാരം കാണണമെന്നാണ് ഞങ്ങളുടെ ആവശ്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്തെ തദ്ദേശീയരായ ജനതക്കിടയില്‍ ജനന നിരക്ക് ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്.

ഹില്‍ സ്റ്റേഷനുകളില്‍ പുതിയ കുടിയേറ്റ ഗ്രാമങ്ങള്‍ പിറവി കൊള്ളുകയും ചെയ്തിരിക്കുന്നു. ഇത് മണിപ്പൂരികള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാറില്‍ നിന്നുമുള്ള കുടിയേറ്റ ജനങ്ങളാണ് ഞങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്,’ മണിപ്പൂരിലെ വിദ്യാര്‍ത്ഥി സംഘടന നേതാവ് പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Manipuri students organization write letter to amith shah