| Friday, 3rd November 2023, 9:02 am

തെരഞ്ഞെടുപ്പില്‍ മണിപ്പൂരിനെ മറക്കില്ല: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ അരക്ഷിതാവസ്ഥ മറക്കില്ലെന്നും കേരളത്തില്‍ മണിപ്പൂരിനെ മറച്ചുപിടിക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അതിരൂപത ചൂണ്ടിക്കാട്ടി. സഭയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിലാണ് അതിരൂപതയുടെ വിമര്‍ശനം.

കേരളത്തില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഉണ്ടായ മൗനം ജനാധിപത്യ വിശ്വാസികള്‍ മനസിലാക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഗോത്രകലാപത്തിന്റെ പേരില്‍ മണിപ്പൂരില്‍ ക്രൈസ്തവരെ വംശഹത്യയെന്നോണം വേട്ടയാടിയെന്നും മണിപ്പൂരില്‍ നിന്ന് കുക്കികളെ തുരത്താന്‍ ശ്രമിച്ചതായും അതിരൂപത പറഞ്ഞു. കലാപത്തെ നിയന്ത്രിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ മൗനമാണ് പുലര്‍ത്തിയതെന്നും, കലാപകാരികളായ മെയ്തെയ് ഹിന്ദുവര്‍ഗീയവാദികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കിയതായും അതിരൂപത ചൂണ്ടിക്കാട്ടി.

ആസ്‌ട്രേലിയയില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടപോഴും ഇസ്രഈലില്‍ ഹമാസ് ആക്രമണം നടത്തിയപ്പോഴും ഉക്രൈന്‍ – റഷ്യ യുദ്ധത്തിലുമായി ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടപ്പോള്‍ മാസങ്ങളോളം ഒരക്ഷരം പോലും ഉരിയാടിയില്ലെന്ന് ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു തീവ്രവാദികളുടെ കയ്യില്‍ സംസ്ഥാനഭരണം നല്‍കിയപ്പോള്‍ മണിപ്പൂരിലെ ജനതയുടെ ജീവിതം ജനാധിപത്യത്തില്‍ നിന്ന് തെന്നിമാറിയെന്ന് അതിരൂപത പറഞ്ഞു. തുടര്‍ന്ന് മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നെന്നും സുപ്രീംകോടതിയുടെ ഇടപെടലുകള്‍ മാത്രമാണ് ആശ്വാസമായതെന്നും അതിരൂപത വ്യക്തമാക്കി.

രാജ്യത്ത് പലയിടങ്ങളിലായി ഹിന്ദു വര്‍ഗീയവാദികള്‍ അതിക്രമം നടത്തുമ്പോള്‍ അതില്‍ സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണ വേര്‍തിരിച്ചറിയാനുള്ള ജനാധിപത്യബോധം കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഉണ്ടെന്നും അതവര്‍ പ്രകടിപ്പിക്കുമെന്നും മുഖലേഖനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തൃശൂർ അതിരൂപത സംഘടിപ്പിച്ച ധർണയിൽ മുൻ എം.പി സുരേഷ്ഗോപിയുടെ മണിപ്പൂർ വിഷയത്തിലുള്ള പ്രസ്താവനക്കെതിരെ അതിരൂപത ഡയറക്ടർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ‘അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത്, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്’ എന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം ഉയർന്നത്.

അതേസമയം മണിപ്പൂർ കത്തിയമരുമ്പോൾ ഈ ആണുങ്ങൾ എവിടെയായിരുന്നെന്നും കേന്ദ്രസർക്കാറിനോടും നരേന്ദ്ര മോദിയോടും ആണത്തമുണ്ടോയെന്ന് ചോദിക്കാൻ ധൈര്യമുണ്ടോയെന്നും പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നു. കേരളത്തിൽ മണിപ്പൂർ
ആവർത്തിക്കാനും വോട്ട് ചെയ്ത് ജനങ്ങൾ വിജയിപ്പിച്ചാൽ കേരളം മണിപ്പൂർ ആക്കിമാറ്റാനുമാണോ ലക്ഷ്യമെന്നും അതിരൂപത സംഘടിപ്പിച്ച പരിപാടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlight: Manipur will not be forgotten in elections: Thrissur archdiocese against B.J.P and Suresh Gopi

We use cookies to give you the best possible experience. Learn more