| Monday, 31st July 2023, 9:26 am

സ്വകാര്യത സംരക്ഷിക്കണം; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മണിപ്പൂര്‍ അതിജീവിതകള്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലൂടെ നഗ്നരാക്കി നടത്തപ്പെട്ട കേസിലെ അതിജീവിതകള്‍ കേന്ദ്രസര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനുമെതിരെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. മെയ് നാലിലെ ലൈംഗിക അതിക്രമ കേസിലെ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് അതിജീവിതകള്‍ കോടതിയില്‍ പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കണം എന്നാണ് അപേക്ഷയില്‍ അതിജീവിതകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് കോടതിയെ അറിയിക്കാനിരിക്കെയാണ് ഇരകള്‍ പുതിയ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍  അന്വേഷണം സി.ബി.ഐക്ക് വിടുകയാണെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു. മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അജയ് ബല്ല അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ സര്‍ക്കാര്‍ അത്യന്തം ഹീനമായ പ്രവര്‍ത്തിയായാണ് കാണുന്നതെന്നും നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്താന്‍ നിര്‍ദേശിക്കണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ആവശ്യപ്പെട്ടിരുന്നു.

കേസ് സി.ബി.ഐ ഏറ്റെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 153 A, 398, 427,436,448, 302, 354,364,326, 376, 34,25 (1c)A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലാണിപ്പോള്‍. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മണിപ്പൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട മറ്റ് ആറ് കേസുകളും സി.ബി.ഐ സ്പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്.

മെയ് മൂന്നിനായിരുന്നു രണ്ട് കുകി സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവം ഉണ്ടായത്. എന്നാല്‍ ജൂണ്‍ 19ന് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് നോങ്‌പോക് സെക്മയ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ എഴ് പേരെ അറസ്റ്റും ചെയ്തു.

സ്ത്രീകളെ അക്രമത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്ന് ജൂലൈ 20ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സംഭവത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കോടതിയെ അറിയിക്കാനും പുനരധിവാസ പ്രതിരോധ നടപടികള്‍ എടുക്കാനും കേന്ദ്രത്തിനും മണിപ്പൂര്‍ സര്‍ക്കാരിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

Content Highlight: Manipur viral video case; survivors move fresh plea in supreme court

We use cookies to give you the best possible experience. Learn more