| Saturday, 29th July 2023, 2:52 pm

മണിപ്പൂരിലെ കുകി യുവതികളുടെ കൂട്ട ബലാത്സംഗ കേസ്; സി.ബി.ഐ എഫ്.ഐ.ആര്‍ എടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ശനിയാഴ്ച സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ കേസില്‍ എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു.

നേരത്തെ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ മണിപ്പൂര്‍ പൊലീസ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി സെക്ഷന്‍ 153 A, 398, 427,436,448, 302, 354,364,326, 376, 34,25 (1-c) A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലാണിപ്പോള്‍. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മണിപ്പൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട മറ്റ് ആറ് കേസുകളും സി.ബി.ഐ സ്‌പെഷ്യല്‍ ടീം അന്വേഷിക്കുന്നുണ്ട്.

സി.ബി.ഐ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്യും. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്താന്‍ നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂര്‍ സര്‍ക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ സര്‍ക്കാര്‍ അത്യന്തം ഹീനമായ പ്രവര്‍ത്തിയായാണ് കാണുന്നതെന്നും നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ പ്രതിഷേധം നടത്തിവരികയാണ്. ഇതിനിടെയായിരുന്നു കേസ് സി.ബി.ഐക്ക് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ചകളിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളായിരുന്നു ഉണ്ടായത്.

Content Highlight: Manipur viral video case: CBI register FIR

Latest Stories

We use cookies to give you the best possible experience. Learn more