മണിപ്പൂര്‍ കലാപം; സര്‍ക്കാരിനോടും അന്വേഷണ ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
India
മണിപ്പൂര്‍ കലാപം; സര്‍ക്കാരിനോടും അന്വേഷണ ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 10:55 am

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനോടും അന്വേഷണ ഏജന്‍സികളോടും റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. മണിപ്പൂര്‍ സര്‍ക്കാര്‍, എന്‍.ഐ.എ, സി.ബി.ഐ എന്നിവരോട് തിങ്കളാഴ്ചയാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.

കേസ് അന്വേഷണത്തില്‍ വ്യക്തത തേടി സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കോടതിയുടെ നിർദേശം. കേസിന്റെ വിചാരണ അസമില്‍ വെച്ച് തന്നെ നടത്താന്‍ നിര്‍ബന്ധമുണ്ടോ, കലാപം നടന്ന സമയത്ത് പ്രായപൂര്‍ത്തി ആകാത്ത പ്രതികളുടെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെയുള്ള വിഷയങ്ങളുന്നയിച്ചാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.

മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ എത്ര കേസുകളാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിചാരണ അസമില്‍ തന്നെ നടത്തേണോ എന്ന് തീരുമാനിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കലാപത്തിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ച സംഭവത്തില്‍ സി.ബി.ഐ അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിഷ്ണുപുരിലെ നരന്‍സീനയിലെ ബറ്റാലിയന്‍ ആസ്ഥാനത്തിന്റെ രണ്ട് മുറികളില്‍ നിന്നാണ് 300ലധികം തോക്കുകളാണ് കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ടത്.

Content Highlight: Manipur violence: Supreme Court seeks probe status reports from govt, agencies