| Wednesday, 24th May 2023, 11:31 pm

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; മന്ത്രിയുടെ വീട് തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഗതാഗത മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ വീട് ഒരു സംഘം ആളുകള്‍ തകര്‍ത്തു. പ്രദേശവാസികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് വീട് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആള്‍ക്കൂട്ടം വീട് തകര്‍ക്കുന്ന സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീടിനുള്ളില്‍ ഉണ്ടായിരുന്നില്ല. ഗേറ്റും ജനലും ഇലക്ട്രിക് ഉപകരണങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. മെയ്തി-കുകി സംഘര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രിയുടെ വീട് തകര്‍ക്കപ്പെടുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

നാട്ടുകാര്‍ രോഷാകുലരാണ്. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംങ്, ഗോവിന്ദാസ്, മറ്റ് ബി.ജെ.പി എം.എല്‍.എമാര്‍ എന്നിവര്‍ അക്രമങ്ങളില്‍ മൗനം പാലിക്കുകയാണെന്നും സായുധരായ തീവ്രവാദികളില്‍ നിന്ന് തങ്ങളെ സംരക്ഷിക്കാന്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും അവര്‍ ആരോപിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഷ്ണുപൂര്‍ ജില്ലയിലെ ടോറോങ്‌ലോബിയില്‍ ചൊവ്വാഴ്ച രാത്രി ഗ്രാമവാസികളുടെ വീടുകള്‍ തീവ്രവാദികള്‍ കത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുശേഷം അധികൃതര്‍ കര്‍ഫ്യു ഇളവ് പിന്‍വലിച്ചിരുന്നു.

ഇതിനിടെ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫന്റനന്റ് ജനറല്‍ ആര്‍.പി കലിത സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തി. അദ്ദേഹം സമുദായങ്ങളുമായി ചര്‍ച്ച നടത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങുമായും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചും സ്ഥിതി സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു.

ഒരു മാസത്തിലേറെയായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് മൂന്നിന് മാര്‍ച്ച് നടത്തിയതോടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 70ലേറെ ആളുകള്‍ മരണപ്പെട്ടു. 230ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Contenthighlight: Manipur violence; Ministers house vandalised

We use cookies to give you the best possible experience. Learn more