ജിരിബാം: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ കർഫ്യൂ ഏർപ്പെടുത്തി സർക്കാർ. ആക്രമണത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമായിരുന്നുവെങ്കിലും രാവിലെ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം കാണാതായവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, സായുധരായ അക്രമികൾ ആക്രമണം അഴിച്ചുവിടുകയും പ്രദേശത്തെ കടകൾക്കും വീടുകൾക്കും തീയിടുകയും സമീപത്തുള്ള സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമായുള്ള വെടിവെപ്പിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
വെടിവയ്പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. അവരെ അടിയന്തര ചികിത്സയ്ക്കായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വെടിവയ്പ്പ് ഏകദേശം 40 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിന്നു.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 2023 മെയ് മാസത്തിൽ മെയ്തി സമുദായവും കുക്കി ഗോത്രവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമൂലം സംസ്ഥാനത്തുടനീളം കലാപം പൊട്ടിപ്പുറപ്പെടുകയും 237 പേർ ഇതുവരെ മരിക്കുകയും ചെയ്തു. 1500ലധികം പേർക്ക് പരിക്കേറ്റു. ഇതുവരെ 60 ,000 ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ചിലർ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തുന്നത്. എട്ടിന് ജിരിബാം പ്രദേശത്തെ ആറ് വീടുകൾക്ക് പ്രക്ഷോഭകർ തീയിട്ടു. കഴിഞ്ഞ ഒമ്പതിന് പ്രദേശത്ത് വയലിൽ പണിയെടുക്കുകയായിരുന്ന യുവതിയെ പ്രക്ഷോഭകർ വെടിവെച്ചുകൊന്നു. ഇതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാം ഏരിയാ പൊലീസ് സ്‌റ്റേഷനുനേരെ പ്രക്ഷോഭകർ ഇന്നലെ അപ്രതീക്ഷിത ആക്രമണം നടത്തി. അതിൽ 11 ആളുകൾ കൊല്ലപ്പെട്ടിരുന്നു.
Content Highlight: Manipur violence: Curfew imposed in several areas as situation remains tense, patrolling underway