| Tuesday, 6th June 2023, 9:01 am

അമിത് ഷാ ഇടപെട്ടിട്ടും മണിപ്പൂര്‍ സംഘര്‍ഷഭരിതം; നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയായി; വെടിവെപ്പില്‍ മൂന്ന് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്നലെ  ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്.

മണിപ്പൂരിലെ നാഗാ വിഭാഗം എം.എല്‍.എമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 10 വരെ നീട്ടിയിട്ടുണ്ട്.

അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷവും മണിപ്പൂരില്‍ നൂറോളം വീടുകള്‍ തീയിട്ട് നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെ ഒരു സംഘമാളുകള്‍ കുക്കി സായുധസംഘം ഉപേക്ഷിച്ച ക്യാമ്പിന് തീയിട്ടു. കക്ചിങ് ജില്ലയിലെ സുഗ്നുവിലാണ് യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട് (U.K.L.F) സായുധസംഘം ഉപേക്ഷിച്ച ക്യാമ്പിന് തീയിട്ടത്.

ജില്ലയിലെ തന്നെ സെമൗവില്‍ പ്രദേശവാസികള്‍ ഉപേക്ഷിച്ച് പോയ ഇരുനൂറോളം വീടുകള്‍ യു.കെ.എല്‍.എഫ് സംഘം അഗ്നിക്കിരയാക്കിയെന്ന് ആരോപിച്ചാണ് എതിര്‍വിഭാഗം ക്യാമ്പ് നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സുഗ്നു കോണ്‍ഗ്രസ് എം.എല്‍.എ രണ്‍ജിത്തിന്റെ വീടും തീയിട്ടതില്‍പ്പെടും.

രണ്ട് ദിവസമായി സായുധസംഘങ്ങളും സുരക്ഷാസേനയും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യു.കെ.എല്‍.എഫ് സംഘം ക്യാമ്പ് വിട്ടുപോയത്.

മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.

ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗോത്ര ഇതര  വിഭാഗമാണ് മെയ്തികള്‍. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.

Content Highlights: manipur violence continues, even amit shah can’t controll the rioters

We use cookies to give you the best possible experience. Learn more