| Wednesday, 15th May 2024, 6:42 pm

2023ല്‍ ദക്ഷിണേഷ്യയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂര്‍ അക്രമത്തിലെ ഇരകള്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘര്‍ഷത്തെയും അക്രമത്തെയും തുടര്‍ന്ന് 2023ല്‍ ദക്ഷിണേഷ്യയില്‍ നിന്ന് 69,000 പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മണിപ്പൂര്‍ അക്രമത്തില്‍ മാത്രം 67,000ത്തോളം ആളുകള്‍ക്ക് വീട് വിട്ട് പോവേണ്ടി വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്ററാണ് (ഐ.ഡി.എം.സി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018ന് ശേഷം സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയില്‍ നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കുടിയൊഴിപ്പിക്കല്‍ ഭൂരിഭാഗവും നടന്നത് മണിപ്പൂരില്‍ തന്നെയാണ്. അയല്‍ സംസ്ഥാനമായ മിസോറാമിലും, നാഗാലാന്‍ഡിലും, അസമിലും സമാന രീതിയില്‍ കുടിയൊഴിപ്പിക്കല്‍ നടന്നെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി വിഭാഗവും മെയ്തയ് വിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. മെയ്തയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് പിന്നീട് സംഘര്‍ഷങ്ങളായി മാറിയത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 200 പേര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മെയ് മൂന്നിന് ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന പ്രതിഷേധമാണ് പിന്നീട് അക്രമാസക്തമായി മാറിയത്.

ഇതോടെ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, തെങ്‌നുപാല്‍, കാങ്‌പോകിപി എന്നിവയുള്‍പ്പെടെ മറ്റ് ജില്ലകളിലേക്ക് അക്രമം വ്യാപിക്കുകയും 67,000 പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.

Content Highlight: Manipur violence caused 97% of displacements in South Asia in 2023: Report

Latest Stories

We use cookies to give you the best possible experience. Learn more