| Monday, 24th July 2023, 4:04 pm

മണിപ്പൂരിലെ വീഡിയോ; സംഭവം ക്രൂരവും ഭയാനകവുമെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ്. സംഭവം ക്രൂരവും ഭയാനകവുമാണെന്ന് യു.എസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യു.എസിന്റെ പ്രസ്താവനയെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും യു.എസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

നേരത്തെ, മണിപ്പൂരിലെ സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു. യു.എസ് അബാസിഡര്‍ എറിക് ഗാര്‍സെറ്റി നടത്തിയ പരാമര്‍ശം കണ്ടിട്ടില്ലെന്നും എന്നാല്‍ വിദേശ നയതന്ത്രജ്ഞര്‍ പൊതുവെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രസ്താവനകള്‍ നടത്താറില്ലെന്നുമായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.

രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളായിരുന്നു ഉണ്ടായത്. മണിപ്പൂരിലെ വീഡിയോ തന്നെ ഏറെ വേദനപ്പെടുത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുകി സ്ത്രീകളുടെ വീഡിയോ പുറത്ത് വന്നതിന് ശേഷം മണിപ്പൂരില്‍ നിന്നും ഇത്തരത്തില്‍ ലൈംഗിക അതിക്രമങ്ങളുടെ മറ്റ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, തിങ്കളാഴ്ച മണിപ്പൂര്‍ വിഷയത്തില്‍ പ്രധാന മന്ത്രി സഭയ്ക്കകത്ത് പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം നടത്തി. പോസറ്ററുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തികൊണ്ടായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യ പ്രതിഷേധിച്ചത്.

നേരത്തെ, മണിപ്പൂര്‍ കലാപത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയിരുന്നു. സംഘര്‍ഷത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ ഉണ്ടായ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെയൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തിരുന്നു.

മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ 160ല്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ട ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ നിരവധി അനിഷ്ടസംഭവങ്ങള്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: Manipur video; brutal and terrible; said us

We use cookies to give you the best possible experience. Learn more