മണിപ്പൂരിൽ കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വോട്ട് ചെയ്യാം: തെരഞ്ഞെടുപ്പ് കമ്മീഷൻ
national news
മണിപ്പൂരിൽ കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വോട്ട് ചെയ്യാം: തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 10:10 am

ഗുവാഹത്തി: മണിപ്പൂരിൽ കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് വിജ്ഞാപനമിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.

മണിപ്പൂരിൽ നടന്ന വംശീയ ഉന്മൂലനത്തെ തുടർന്ന് 60,000ത്തിലധികം ആളുകളാണ് വീടുകൾ നഷ്ടമായി കുടിയിറക്കപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

അയൽ സംസ്ഥാനങ്ങളിൽ അഭയം തേടിയവരും നിരവധിയാണ്.

കലാപത്തിന് മുമ്പ് സാധാരണ ജീവിതം നയിച്ച പ്രദേശങ്ങളിലാണ് കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് വോട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമാണ് മണിപ്പൂരിലെ അതാത് നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ തന്നെ അവർക്ക് തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചത്.

ആഭ്യന്തര തലത്തിൽ കുടിയിറക്കപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ സജ്ജമാക്കുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കും.

പ്രത്യേക ഇ.വി.എമ്മുകൾ ഉപയോഗിച്ചായിരിക്കും ഈ പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്തുക.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുകളുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് സാക്ഷിയാകുന്നതിന് ഏജന്റുകളെ അയക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വെബ് ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

നിലവിൽ മേൽപ്പറഞ്ഞ വോട്ടർമാർ താമസിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ദുരിതാശ്വാസ ക്യാമ്പുകൾ 10 ജില്ലകളിലാണുള്ളത്.
ഇഫാൽ വെസ്റ്റ്, ഇഫാൽ ഈസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കാക്ചിങ്, ചുരചന്ദ്പൂർ, കാങ്പോക്പി, തെങ്നൂപാൽ, ലിരിബാം, ഉഖ്റുൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.

Content Highlight: Manipur unrest victims can vote at relief camps, says EC