| Thursday, 1st June 2023, 10:23 am

മണിപ്പൂരില്‍ സംഘര്‍ഷത്തിന്റെ ആക്കം കൂട്ടുന്നതില്‍ മുഖ്യമന്ത്രിയുടെയും ബി.ജെ.പി എം.പിയുടെയും പങ്ക് അന്വേഷിക്കണം: ട്രൈബല്‍സ് ഫോറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ആക്കം കൂട്ടുന്നതില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെയും ബി.ജെ.പി എം.പി ലെയ്‌ഷേംബ സഞ്ചോബയുടെയും പങ്ക് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍സ് ഫോറം, ദല്‍ഹി (MTFD).

അക്രമം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംഘടനയാണ് എം.ടി.എഫ്.ഡി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും അവര്‍ക്കായി പ്രത്യേകം ഭരണം ഉണ്ടാക്കണമെന്നും ഫോറം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലുമുള്ള മെയ്തി അക്രമികളാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും അവര്‍ ആവശ്യപ്പെട്ടു. അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്ര മെയ്തി ഗ്രൂപ്പുകളായ അറംബയ് ടെങ്കോല്‍, മീതേയ് ലീപണ്‍ എന്നിവരാണ് കുകി-സോമി-മിസോ-മാര്‍ എന്നീ സമുദായങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. ഇംഫാല്‍വാലിയിലെ സുരക്ഷാ സേനയുടെ ‘അനുമതി’യോടെ അവര്‍ ആയുധങ്ങള്‍ മോഷ്ടിക്കുന്നുവെന്നും ഫോറം പറയുന്നുണ്ട്.

മറുവശത്ത് കുകി- സോമി ഗ്രാമവാസികള്‍ സ്വയം പ്രതിരോധിക്കാന്‍ കൈകൊണ്ട് നിര്‍മിച്ച ആയുധങ്ങളും ലൈസന്‍സുള്ള തോക്കുകളും ഉപയോഗിക്കുന്നുവെന്നും ഫോറം പറഞ്ഞു.

‘ എന്‍. ബിരേന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ധ്രുവീകരണ രാഷ്ട്രീയം കാണുന്നത്. കുറേ നാളുകളായി കുകി വിഭാഗവും മെയ്തി വിഭാഗവും അയല്‍വാസികളാണ്. അധികാരം ഉറപ്പിക്കാന്‍ വേണ്ടിയുള്ള ഒരു പ്രത്യേകതരം സംഭവമാണിത്,’ എം.ടി.എഫ്.ഡി ജനറല്‍ സെക്രട്ടറി ഡബ്ല്യു. എല്‍. ഹാന്‍സ് സിങ് പറഞ്ഞു.

അറംബെയ് ടെങ്കോളും മീതേയ് ലീപും നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മാത്രമാണ് യുവജന സാസ്‌കാരിക സംഘടന എന്ന നിലയില്‍ ജനപ്രീതി നേടിയത്. മണിപ്പൂരിലെ പലരും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ കേട്ടിട്ടില്ല.

എന്നാല്‍ സഞ്ചോബയുമായി മെയ്തി ഗ്രൂപ്പ് വിധേയത്വം കാണിക്കുന്നുണ്ടെന്നാണ് പൊതു പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

മലയോര മേഖലയിലെ പോപ്പി കൃഷി തുടച്ചു നീക്കുന്നതിനുള്ള സര്‍ക്കാര്‍ നയമായ ‘മയക്കുമരുന്നിനെതിരെയുള്ള യുദ്ധം, എന്ന കാംപെയിനെ പിന്തുണക്കുന്ന അരംബായ് ടെങ്കോലിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകളും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സംഘടനകള്‍ നടത്തിയ പരിപാടികളില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദുരിതാശ്വാസമല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പ്രത്യേക ഭരണമാണ് ആവശ്യമെന്നും എം.ടി.എഫ്.ഡി പറഞ്ഞു.

content highlight: manipur tribal forum against chief minister

We use cookies to give you the best possible experience. Learn more