1961ന് ശേഷം സംസ്ഥാനത്തേക്ക് കുടിയേറിയവരെ നാടുകടത്തും: മണിപ്പൂര്‍ മുഖ്യമന്ത്രി
India
1961ന് ശേഷം സംസ്ഥാനത്തേക്ക് കുടിയേറിയവരെ നാടുകടത്തും: മണിപ്പൂര്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 1:26 pm

ഇംഫാല്‍: 1961 ശേഷം സംസ്ഥാനത്തെത്തി സ്ഥിര താമസമാക്കിയവരെ കണ്ടെത്തി നാടുകടത്തുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. തിങ്കളാഴ്ച മണിപ്പൂരില്‍ ഒരു സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനത്തിന് കീഴില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജന്മദേശം നിര്‍ണയിക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷമായി 1961നെ 2022ല്‍ മന്ത്രിസഭാ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ 1961ന് ശേഷം സംസ്ഥാനത്ത് പ്രവേശിച്ച് സ്ഥിര താമസമാക്കിയവരെ കണ്ടെത്തി ജാതിയുടെയേ മതത്തിന്റെയോ വ്യത്യാസമില്ലാതെ നാടുകടത്തും’, ബിരേന്‍ സിങ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ പിന്നീട് രംഗത്തെത്തി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെങ്കിലും വിദേശ രാജ്യങ്ങള്‍ അവരെ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ എങ്ങനെ നാടുകടത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രദീപ് ഫഞ്ചൗബം ചോദിച്ചു. കുടിയേറ്റക്കാരില്‍ പലരും ദശാബ്ദങ്ങളായി സംസ്ഥാനത്ത് താമസിക്കുന്നവരാണ്. അവരെ നാടുകടത്തിയാല്‍ ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരെ നാടുകടത്താന്‍ മണിപ്പൂര്‍ സര്‍ക്കാരിന് ഒറ്റക്ക് സാധിക്കില്ലെന്ന് നാഗാ നേതാവ് അഷാങ് കഷര്‍ പറഞ്ഞു. കുടിയേറ്റക്കാരെ തിരിച്ചറിയുന്നത് നിര്‍ണായകമായ കാര്യമാണെന്നും അവര്‍ക്ക് യഥാര്‍ത്ഥ പൗരന്‍മാര്‍ക്കുള്ള വോട്ടവകാശം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ ലഭിക്കരുതെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

2023 മേയ് മുതല്‍ മണിപ്പൂരില്‍ വംശീയകലാപം രൂക്ഷമായിരുന്നു. അയല്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കലാപം ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതിനുശേഷം ഇന്നുവരെ 180ലധികം ആളുകളാണ് മണിപ്പൂരില്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്.

മണിപ്പൂര്‍ ജനസംഖ്യയിലെ 53 ശതമാനം വരുന്ന മെയ്തികളും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. 40 ശതമാനം വരുന്ന നാഗകളും കുക്കികളും ഉള്‍പ്പടെയുള്ള ജനങ്ങള്‍ മലയോര ജില്ലകളിലാണ് താമസിക്കുന്നത്. മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന കോടതി വിധിക്ക് പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ കലാപം പൊട്ടിപുറപ്പെട്ടത്.

Content Highl;ight: Manipur to ‘deport’ those who settled in state after 1961, says N Biren Singh