കോഴിക്കോട്: ബി.ജെ.പി ക്രിസ്ത്യന്‍ സമൂഹത്തോട് അടുക്കുന്നതിന്റെ ലക്ഷണാണ് മണിപ്പൂരില്‍ കണ്ടതെന്ന് ആന്റോ ആന്റണി എം.പി. മണിപ്പൂരില്‍ 543 പള്ളികള്‍ അഗ്നിക്കിരയാക്കുകയും നൂറിലധികം ആളുകളെ കൊലപ്പെടുത്തുകയും നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്‌സ് ദി പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുസ്മൃതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗമെന്ന നിലയില്‍ ബി.ജെ.പിയെ മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധവും പ്രബുദ്ധതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ബി.ജെ.പി ക്രിസ്ത്യന്‍ സമൂഹമവുമായി അടുക്കുന്നതിന്റെ ലക്ഷണമാണ് മണിപ്പൂരില്‍ കണ്ടത്. 543ഓളം പള്ളികള്‍ കത്തിച്ചു, നൂറുകണക്കിനാളുകളെ കൊലപ്പെടുത്തി, നൂറുകണക്കിന് സ്ത്രീകളെ ബലാംത്സംഗം ചെയ്തു. അതേ കുറച്ച് ഒരുവാക്കെങ്കിലും പ്രധാനമന്ത്രി പറയണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ ഞങ്ങള്‍ ശക്തമായ നിലപാടെടുത്തത്.
ഇന്ത്യയൊട്ടാകെ ബി.ജെ.പി മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ക്രൈസ്തവരെ മാത്രമല്ല, ഏറ്റവുമധികം വേട്ടയാടപ്പെട്ട ഒരു സമൂഹം മുസ്‌ലിം സമൂഹമാണ്. വേറൊരു സമൂഹം ദളിതരാണ്. മനുസ്മൃതി നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുന്ന ഒരു കൂട്ടരെന്ന നിലയില്‍ അവര്‍ എല്ലാവരെയും വേട്ടയാടുകയാണ്.
ഇത്തരം വേട്ടയാടലുകള്‍ നടക്കുമ്പോള്‍, അത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധവും പ്രബുദ്ധതയുമുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അതു കൊണ്ട് കേരളത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ തട്ടിപ്പുകള്‍ കൊണ്ട് ബി.ജെ.പിക്ക് യാതൊരു നേട്ടവുമുണ്ടാകില്ല,’ ആന്റോ ആന്റണി എം.പി പറഞ്ഞു.
അതേസമയം കേരളത്തിലടക്കം ക്രിസ്ത്യന്‍ സമൂഹത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ക്രിസ്മസ് ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും വീടുകളും സന്ദര്‍ശിച്ചതുമെല്ലാം ഈ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ബി.ജെ.പിയുടെ ഈ നീക്കത്തെ തടയാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
CONTENT HIGHLIGHTS: Manipur saw signs of BJP getting closer to Christian community: Antony MP