national news
സമാധാനചര്‍ച്ചയ്‌ക്കൊരുങ്ങി മണിപ്പൂരിലെ മെയ്തി-കുക്കി വിഭാഗം എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 14, 10:06 am
Monday, 14th October 2024, 3:36 pm

ന്യൂദല്‍ഹി: വംശീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മണിപ്പൂരിലെ മെയ്തി, കുക്കി സമുദായങ്ങളില്‍ നിന്നുള്ള എം.എല്‍.എമാര്‍ സമാധാന ചര്‍ച്ചകള്‍ക്കായി യോഗം ചേരും. ഇരു സമുദായങ്ങളിലെയും എം.എല്‍.എമാര്‍ സമാധാനചര്‍ച്ചകള്‍ക്കായി ന്യൂദല്‍ഹിയില്‍ വെച്ച് യോഗം ചേരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ചര്‍ച്ചയ്ക്ക് നാഗലാന്റിലെ എം.എല്‍.എമാരായിരിക്കും മധ്യസ്ഥത വഹിക്കുക.

നിരവധി എം.എല്‍.എമാര്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍ എത്ര കുക്കി എം.എല്‍.എമാര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനും പ്രതിസന്ധികള്‍ക്ക് പരിഹാരം തേടുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ചര്‍ച്ചയെന്നും ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

2023 മെയ് മൂന്നിന് മണിപ്പൂരില്‍ കലാപം ഉണ്ടായത് മുതല്‍ മണിപ്പൂരില്‍ നിന്നുള്ള ചില മന്ത്രിമാരുള്‍പ്പെടെ ആദിവാസി എം.എല്‍.എമാരും മണിപ്പൂര്‍ വിട്ട് ദല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് മാറി താമസിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവരാരും ഇംഫാലില്‍ പ്രവേശിക്കാനോ നിയമസഭാ നടപടികളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ആദിവാസി എം.എല്‍.എമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം ഇംഫാലില്‍ നിന്നുള്ള വിമാന മാര്‍ഗം ഒഴിവാക്കുകയും വിമാനത്തില്‍ മിസോറാമിലെ ഐസ്വാളിലേക്കാണ് പോവാറുള്ളതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മെയ്തി, കുക്കി കലാപത്തില്‍ 200ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നിരവധി വംശീയ പ്രശ്‌നങ്ങളും കലാപങ്ങളും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Content Highlight: Manipur’s Meiti-Kuki sect MLAs are preparing for peace talks