മണിപ്പൂര്‍ കലാപം; മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍
national news
മണിപ്പൂര്‍ കലാപം; മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 7:57 am

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍. ബി.ജെ.പി മുഖ്യമന്ത്രിയായ അദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ തന്നെ 19 എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയായിരുന്നു.

മണിപ്പൂരിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെയും സംസ്ഥാന നേതൃത്വത്തോട് ജനങ്ങള്‍ക്കുള്ള അതൃപ്തിയും ചൂണ്ടിക്കാട്ടിയ എം.എല്‍.എമാര്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ കത്തയച്ചവരില്‍ നിയമസഭാ സ്പീക്കര്‍ തോക്‌ചോം സത്യവ്രത് സിംഗ്, മന്ത്രിമാരായ തോംഗം വിശ്യജിത് സിംഗ്, യുനം ഖേംചന്ദ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളും ഒപ്പിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ച് മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മെയ്തി, കുക്കി, നാഗാ സമുദായങ്ങളില്‍ നിന്നുള്ള എം.എല്‍.മാരുടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഭരണകക്ഷിയിലെ അഞ്ച് എം.എല്‍.എമാര്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലെ മണിപ്പൂരിലുണ്ടാവുന്ന വര്‍ഗീയ സാഹചര്യങ്ങള്‍ നിയന്ത്രിക്കാനും പരിഹരിക്കാനും സാധാരണനില പുനഃസ്ഥാപിക്കാനും സംസ്ഥാനസര്‍ക്കാരിന് കഴിയുന്നില്ലെന്ന ആശങ്ക പ്രകടിപ്പിച്ചാണ് കത്ത്. തങ്ങളുടെ ഘടകകക്ഷികളില്‍ നിന്നു തന്നെ സമ്മര്‍ദമുണ്ടെന്നും ഉടന്‍ തന്നെ നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പ്രസ്താവിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം മണിപ്പൂരില്‍ രൂക്ഷമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ ഉയരുന്നുണ്ടെന്നും പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്നും നിലവിലെ മുഖ്യമന്ത്രിയെ നീക്കം ചെയ്യുന്നതാണ് ഉചിതമായ പരിഹാരമെന്നും കത്തില്‍ പ്രസ്താവിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷാ സേനയെ വിന്യസിക്കുന്നത് സംഘര്‍ഷത്തിന് പരിഹാരമാകില്ലെന്നും മണിപ്പൂരില്‍ തുടര്‍ച്ചയായുണ്ടാവുന്ന അക്രമങ്ങള്‍ രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ കളങ്കമുണ്ടാക്കുമെന്നും എം.എല്‍.എമാര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Manipur Rebellion; BJP MLAs demanded to change the Chief Minister