മണിപ്പൂരിലെ കൂട്ടബലാത്സംഗം: നാല് പ്രതികള്‍ അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ ആകെ നാല് പ്രതികള്‍ അറസ്റ്റിലായി. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ മുഖ്യപ്രതി ഹിരാദാസിനെ (32) തൗബലില്‍ നിന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. വൈറലായ വീഡിയോയുടെ സഹായത്തോടെയാണ് പ്രതികളെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസം മുമ്പ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികളെ പിടികൂടാന്‍ പൊലീസ് ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
അതിക്രമ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കി.
സംഭവസമയം മണിപ്പൂര്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അവര്‍ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കാറില്‍ ഇരിക്കുന്നത് താന്‍ കണ്ടുവെന്നും എന്നാല്‍ അവര്‍ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിലെ രണ്ടാമത്തെ സ്ത്രീ പറഞ്ഞു. കലാപത്തില്‍ ഈ സ്ത്രീയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.
Content Highlights: manipur rape case four persons arrested