ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി നടത്തിച്ചെന്ന പരാതിയില്‍ മണിപ്പൂര്‍ പൊലീസ് കേസെടുത്തു. തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മണിപ്പൂരില്‍ നിന്നുള്ള വൈറല്‍ വീഡിയോയുടെ പശ്ചാത്തലത്തിലാണ് മണിപ്പൂര്‍ പൊലീസ് കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് കെ. മേഘചന്ദ്ര സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാതരായ ഒരു കൂട്ടം അക്രമികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ടെന്നും എസ്.പി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2023 മെയ് നാലിന് കുക്കി വിഭാഗത്തില്‍പ്പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്‌നരാക്കി നടത്തിച്ചെന്നും ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്) ആരോപിച്ചിരുന്നു.
ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫ് നേരത്തെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
അതേസമയം, മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വനിതകള്‍ക്കെതിരെ നടന്ന അതിഭീകരമായ ഈ സംഭവത്തെ അപലപിക്കുന്ന പ്രതികരണങ്ങള്‍ കാര്യമായി ഉയര്‍ന്നുവരുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
ഈ സമൂഹത്തില്‍ നടക്കുന്ന എല്ലാ തരം അക്രമങ്ങളിലും സ്ത്രീകളും കുട്ടികളുമാണ് ഇരകളാകുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരുന്നതിനായി അക്രമങ്ങളെ നമ്മളെല്ലാം ഒറ്റക്കെട്ടായി അപലപിക്കണം. മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ഇത്തരം അക്രമങ്ങളും അവയുടെ ചിത്രങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലേ,’ പ്രിയങ്ക ചോദിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്നും സമാധാനമാണ് മുന്നിലുള്ള ഏക വഴിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.