ചരിത്രം വളച്ചൊടിച്ചുവെന്ന പരാതി; ആംഗ്ലോ-കുകി വാറിന്റെ എഴുത്തുകാരനും എഡിറ്റര്‍മാര്‍ക്കുമെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ്
ഇംഫാല്‍: സംസ്ഥാനത്തിന്റെ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എഴുത്തുകാരനും രണ്ട് എഡിറ്റര്‍മാര്‍ക്കുമെതിരെയും കേസെടുത്ത് മണിപ്പൂര്‍ പൊലീസ്. 2018ല്‍ പുറത്തിറങ്ങിയ ‘ദി ആംഗ്ലോ-കുക്കി വാര്‍ 1917-1919: എ ഫ്രണ്ടിയര്‍ അപ്‌റൈസിങ് എഗെയ്ന്‍സ്റ്റ് ഇംപീരിയലിസം ഡ്യൂറിങ് ദി ഫസ്റ്റ് വേള്‍ഡ് വാര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് കേണല്‍ ഡോ. വിജയ് ചെഞ്ചിക്കിനെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഡിറ്റര്‍മാരായ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകാലാശാല അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ജങ്കോമങ് ഗൈറ്റ്, തോങ്കോലാല്‍ ഹയോകിപ് എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഓഗസ്റ്റ് 9നാണ് ചെഞ്ചിക്കെതിരെയും ഓഗസ്റ്റ് ഏഴിനാണ് ഗൈറ്റിനും ഹയോകിപ്പിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യ സര്‍ക്കാരിനെതിരെയുള്ള യുദ്ധം, വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സെഷന്‍ 120, 121, 123, 153 എ, 200, 120ബി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉഖ്‌രുള്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ഗ്രാമങ്ങളിലുള്ള ഫെഡറേഷന്‍ ഓഫ് ഹോമി എന്ന ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. പുസ്തകത്തില്‍ 1917-1919ലെ സായുധ കലാപത്തെ ആഗ്ലോ-കുക്കി യുദ്ധമായി ചിത്രീകരിച്ച് വ്യാജമായ കാര്യങ്ങള്‍ ചിത്രീകരിക്കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
‘മണിപ്പൂരിന്റെ ചരിത്രത്തില്‍ ഇതുവരെ ആംഗ്ലോ-കുക്കി യുദ്ധമുണ്ടായിട്ടില്ല. കുകി യുദ്ധത്തില്‍ മലയോര മേഖലകളിലെ നാഗകളെയും മെയ്തികളെയും മുസ്‌ലിങ്ങളെയും കൂട്ടക്കൊല ചെയ്തു,’ പരാതിയില്‍ പറയുന്നു.
അതേസമയം പരാതി നല്‍കിയത് ദുരുദ്ദേശത്തോടെയാണെന്നും പരാതിക്കാരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ഹയോകിപ് ദി ഹിന്ദുവിനോട് പറഞ്ഞു.
‘കുകി സോ വിഭാഗങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണിത്. 1857ലെ ലഹളയെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ചു. ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. അതുപോലെ ബ്രിട്ടീഷുകാരും മറ്റ് ഗോത്രക്കാരും ഇതിനെ കുകി കലാപം എന്ന് വിളിക്കുന്നു. എന്നാല്‍ കുകികളെ സംബന്ധിച്ചിടത്തോളം ഇത് 1917- 1919 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമരമായിരുന്നു,’
പരാതിക്കാര്‍ക്ക് വേണമെങ്കില്‍ പുസ്തക നിരൂപണം എഴുതുകയോ അര്‍ത്ഥവത്തായ സംവാദത്തിലേര്‍പ്പെടുകയോ ചെയ്യാമായിരുന്നു. എന്നാല്‍ സംഘടനയുടെ ദുരുദ്ദേശ്യം കാരണം അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,’ അദ്ദേഹം പറഞ്ഞു.
‘കുകികളോടുള്ള ബ്രിട്ടീഷുകാരുടെ ക്രൂരതകളും കുകികളുടെ സൈനിക വിവേകവും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പുസ്തകം. ഒരു മെയ്തി- നാഗ സംഘടന ഇതിനെതിരെ എന്തിനാണ് പരാതി നല്‍കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല,’ കേണല്‍ ചെഞ്ചിയും പറഞ്ഞു.
എന്നാല്‍ വളച്ചൊടിക്കപ്പെട്ട ചരിത്രത്തിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പരാതി നല്‍കിയതെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി യാസിങ് വിസിസിയും കൂട്ടിച്ചേര്‍ത്തു. പുസ്തകങ്ങള്‍ എല്ലായിടത്തും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHTS: MANIPUR POLICE FIR REGISTERED AGAINST WRITER