|

മണിപ്പൂര്‍ വിഷയം; മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയും ബി.ആര്‍.എസ് എം.പി നാമ നാഗേശ്വര റാവുവുമാണ് നോട്ടീസ് നല്‍കിയത്.

ഇന്നലെ രാത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ കൂടിയാലോചനയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസ് ലോക് സഭ എം.പിമാരുടെ യോഗം കോണ്‍ഗ്രസ് പാര്‍ലമെന്ററി ഓഫീസില്‍ ചേര്‍ന്നിരുന്നു.

‘മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുമായുള്ള വിശദമായ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഇന്ന് തീരുമാനിച്ചു. പാര്‍ലമെന്റിലെ നേതാവെന്ന നിലയില്‍ അദ്ദേഹം മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രസ്താവന നടത്തണം,’ എന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എ.എന്‍.ഐയോട് പറഞ്ഞത്.

മണിപ്പൂര്‍ വിഷയത്തില്‍ ഭരണ-പ്രതിപക്ഷങ്ങളുടെ പ്രതിഷേധം പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ മോദിയുടെ പ്രസ്താവനയും പാര്‍ലമെന്റില്‍ വിശദ ചര്‍ച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കേണ്ടി വരും.

ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളത് കൊണ്ട് അവിശ്വാസ പ്രമേയം പാസാകാന്‍ സാധ്യതയില്ല. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

CONTENT HIGHLIGHTS: Manipur  Opposition issues notice for no-confidence motion against Modi government

Video Stories